തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാല്‍വഴുതി വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആനിന്റെ മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തൃശൂർ പട്ടിക്കാട് സ്വദേശി ഷാജന്റെയും സിജിയുടെയും മകൾ അലീന ഷാജൻ(14) ഇന്ന് പുലർച്ചയോടെ മരിച്ചിരുന്നു. ഒരു കുട്ടി പൂര്‍ണമായി അപകടനില തരണം ചെയ്തിട്ടുണ്ട്. രണ്ടു പേര് പാറയില്‍ കാല്‍വഴുതി റിസര്‍വോയറിലേക്കു വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടു പേരും വെള്ളത്തില്‍ മുങ്ങിത്താണു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.
കുട്ടികള്‍ വെള്ളത്തില്‍ പോയെന്ന് അറിയിച്ചത് അവരില്‍ ഒരാളുടെ സഹോദരിയാണ്. വിവരം ലഭിച്ച് പത്തോ പതിനഞ്ചോ മിനിറ്റിനുള്ളില്‍ അവരെ പുറത്തെടുക്കാന്‍ കഴിഞ്ഞു. അപകടത്തില്‍ പെടാത്ത ഹിമ എന്ന കുട്ടി പറഞ്ഞ സ്ഥലത്ത് തന്നെ തിരഞ്ഞതിനാലാണ് പെട്ടെന്ന് കുട്ടികളെ രക്ഷപ്പെടുത്താനായത്. അപ്പോഴേക്കും ആംബുലന്‍സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ചെങ്കുത്തായ സ്ഥലത്താണ് അപകടമുണ്ടായത്. സുരക്ഷാ സംവിധാനമൊന്നുമില്ലാത്ത, ആര്‍ക്കും പോകാന്‍ കഴിയുന്ന സ്ഥലമായിരുന്നു.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പീച്ചി അണക്കെട്ടിന്റെ റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണത്. ഉച്ചഭക്ഷണത്തിന് ശേഷം റിസര്‍വോയറിന് സമീപത്തേക്ക് പോയതായിരുന്നു കുട്ടികള്‍. കുട്ടികളുടെ കരച്ചില് കേട്ടെത്തിയവരാണു റിസര്‍വോയറില്‍ ഇറങ്ങി ഇവരെ കരയ്ക്കെത്തിച്ചത്. മൂന്നു കുട്ടികള്‍ അബോധാവസ്ഥയില്‍ ആയിരുന്നെന്നു ദൃക്സാക്ഷി പറഞ്ഞു. അപകടമേഖലയിലാണു പെണ്‍കുട്ടികള്‍ വീണതെന്നു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: