രാമനാട്ടുകര: വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് കുറ്റൂളങ്ങാടി അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമായി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജനകീയ കൂട്ടായ്മയാണ് ഏറ്റവും വലിയശക്തിയെന്ന് ജോര്‍ജ് കുര്യന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് മുതല്‍ കേന്ദ്രസര്‍ക്കാര്‍ വരെ ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ വികസനം സാധ്യമാകൂ. 2047ല്‍ വികസിതഭാരതം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.വി. ഇബ്രാഹിം എംഎല്‍എ അധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍ കേന്ദ്രമന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി കോലോത്തൊടി, ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല പാറക്കണ്ടത്തില്‍, അങ്കണവാടി ടീച്ചര്‍ ഗിരിജ, അങ്കണവാടി നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് സോമന് പുന്നത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സജ്ന മലയില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് രാജേഷ് മേക്കുറ്റിയില് നന്ദിയും പറഞ്ഞു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വിളംബരയാത്ര, അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാരികള്‍ എന്നിവയും നടന്നു.
45 വര്‍ഷത്തോളമായി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അങ്കണവാടിക്കാണ് സ്വന്തംകെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ സജ്ന മലയിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് സമാഹരിച്ച ഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: