45 ദിനരാത്രങ്ങള്‍, നാല്‍പ്പതു കോടി ഭക്തര്‍, സനാതന ധര്‍മ്മം ലോകത്തിന് മുന്നില്‍ അതിന്റെ വിരാടരൂപം ത്രിവേണീസംഗമഭൂമിയില് പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്. മഹാകുംഭമേളയ്ക്ക് നാളെ തുടക്കം. ഇനിയുള്ള നാളുകള്‍ പ്രയാഗ് രാജിലെ പുണ്യനദിക്കരയില്‍ ദേവതകളും സപ്തര്‍ഷികളും ഗന്ധര്‍വ്വ കിന്നരന്മാരും മനുഷ്യരുമടക്കം സകല ചരാചരങ്ങളും ഇവിടെ സംഗമിക്കുന്നു. പുണ്യനദിയിലെ സ്നാനത്തിലൂടെ ജന്മസാഫല്യം നേടുന്നു. ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിന് തുല്യമാണ് മഹാകുംഭമേളയിലെ സ്നാനം. ദശലക്ഷക്കണക്കിന് ജനങ്ങളുടെ അഗാധമായ വിശ്വാസത്തെയും ഭക്തിയെയും, വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതത്തിന്റെ ആത്മീയ അടിയൊഴുക്കിനെയുമെല്ലാം ഓര്‍മ്മിപ്പിക്കുന്ന അനുഭവമാണ് പുണ്യസ്നാനം. ഭക്തിയും ആത്മീയതയും ആത്മശേഷിയുടെ സാക്ഷാത്ക്കാരവും നമുക്ക് ഈ ത്രിവേണി സംഗമഭൂമിയില്‍ ലഭിക്കും. വരൂ…ഈ ഗംഗാതടത്തിലേക്ക് വരൂ… സഹസ്രാബ്ദങ്ങളായി അണമുറിയാതെ പ്രവഹിക്കുന്ന സനാതന ധര്‍മ്മത്തിന്റെ ഈ മഹാധാരയില് നമുക്കലിഞ്ഞുതീരാം.
പ്രധാന പുണ്യ സ്നാന ദിനങ്ങള്‍:
ജനുവരി 13 പൗഷ് പൂര്‍ണ്ണിമ
ജനുവരി 14 മകരസംക്രാന്തി
ജനുവരി 29 മൗനി അമാവാസി
ഫെബ്രുവരി 3 വസന്ത പഞ്ചമി
ഫെബ്രുവരി 12 മാഘപൂര്‍ണ്ണിമ
ഫെബ്രുവരി 26 മഹാശിവരാത്രി
പുണ്യതീര്‍ത്ഥങ്ങള്‍
പാലാഴി മഥന സമയം ഉയര്‍ന്നുവന്ന അമൃത കുംഭത്തിനായി ദേവന്മാരും അസുരന്മാരും തമ്മില്‍ പന്ത്രണ്ട് നാള് നീണ്ട യുദ്ധമുണ്ടായി. പക്ഷി ശ്രേഷ്ഠനായ ഗരുഡനായിരുന്നു അമൃതകുംഭത്തിന്റെ സംരക്ഷണ ചുമതല. താഴെ ഇറങ്ങാതെ പറന്നുനടന്ന ഗരുഡന് വിശ്രമത്തിനായി തെരഞ്ഞെടുത്തത് നാലു പുണ്യതീര്ത്ഥങ്ങളെയായിരുന്നു. ഇവിടേക്ക് അസുരന്മാര്ക്ക് പ്രവേശനമില്ല എന്നതു തന്നെ കാരണം. ഈ നാലു തീര്‍ത്ഥങ്ങളാണ് പ്രയാഗ് രാജിലെ ത്രിവേണി സംഗമഭൂമിയും ഹരിദ്വാറിലെ ഗംഗാതീരത്തെ ഹര് കീ പൗഡിയും ഉജ്ജയിനിയിലെ ക്ഷിപ്രാനദിക്കരയും നാസിക്കിലെ ഗോദാവരി സംഗമഭൂമിയും. അമൃതകുംഭവുമായി ഗരുഡന് പറക്കുമ്പോള്‍ ഈ നാലു സ്ഥലത്ത് അമൃത് തുളുമ്പി വീണു എന്നും വിശ്വസിക്കപ്പെടുന്നു. ദേവന്മാരുടെ പന്ത്രണ്ട് ദിനം, ഹിന്ദു സമയഗണന പ്രകാരം, മനുഷ്യരുടെ പന്ത്രണ്ട് വര്‍ഷമായാണ് കണക്കാക്കപ്പെടുന്നത്. വ്യാഴം സൂര്യനെ ഒരുതവണ പ്രദക്ഷിണം ചെയ്യാനെടുക്കുന്ന സമയം കൂടിയാണിത്. വ്യാഴം മേടരാശിയിലേക്ക് പ്രവേശിക്കുന്ന മാഘമാസത്തില്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമ ഭൂമിയില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണകുംഭമേള നടക്കുന്നു. തുടര്‍ന്ന് ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും നാസിക്, ഉജ്ജയിന്‍, ഹരിദ്വാര്‍ എന്നിവിടങ്ങളിലും കുംഭമേളകള്‍ നടക്കും. ഓരോ സ്ഥലത്തും ആറുവര്‍ഷം കൂടുമ്പോള്‍ അര്ദ്ധകുംഭമേളകളുമുണ്ടാകും. കുംഭമേളകളില്‍ പങ്കെടുത്ത് സ്നാനം ചെയ്താല്‍ ജനന മരണ പാപങ്ങളില്‍ നിന്ന് മുക്തി ലഭിക്കുമെന്നാണ് ഹിന്ദുവിശ്വാസം. ഓരോ കുംഭമേളയിലേക്കും ഒഴുകിയെത്തുന്ന ഹിന്ദു ഭക്തജന കോടികള്‍ സനാതന ധര്‍മ്മത്തിന്റെ വീണ്ടെടുപ്പ് കൂടിയാണ് നിര്‍വഹിക്കുന്നത്. 40 കോടിയിലേറെ മനുഷ്യര്‍ ഒരുമിച്ചുകൂടുന്ന മഹാസംഗമമാണ് പ്രയാഗ് രാജില്‍ നടക്കുന്നത്.
ഷാഹി സ്നാന് അഥവാ പുണ്യസ്നാനം
ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന, തീര്‍ത്ഥങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലെ പുണ്യസ്നാനം, ഭൂതകാല പാപങ്ങളില്‍ നിന്ന് ആത്മാവിനെ ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കും ജനനമരണ ചക്രത്തില്‍ നിന്നുള്ള മോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അഘാടകള്‍ക്കും സംന്യാസ പരമ്പരകള്‍ക്കുമാണ് മഹാകുംഭമേളയുടെ ചുമതല. ഏഴ് സംന്യാസി അഘാടകളും 3 വൈരാഗി ആഘാടകളും 3 ഉദാസീ അഘാടകളും അടങ്ങുന്ന 13 അഘാടകളുടെ മേധാവിമാരായ മഹാമണ്ഡലേശ്വരന്മാരുടെ നേതൃത്വത്തില്‍ ഈ ചുമതല നിര്‍വഹിക്കപ്പെടുന്നു. ജനുവരി 13ന് പൗഷ് പൂര്‍ണ്ണിമയിലെ സ്നാനം ഏറ്റവും പുരാതന അഘാടയായ ജൂന അഘാടയിലെ സംന്യാസിമാരാണ് നിര്‍വഹിക്കുന്നത്. തുടര്‍ന്ന് ഓരോ ദിവസവും ഓരോ അഘാടകളുടെ നേതൃത്വത്തില്‍ ഷാഹി സ്നാന് നടക്കും. ജാതിയുടേയും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വേര്‍തിരിവുകളില്ലാതെ ഹിന്ദുസമൂഹം ഒന്നായി മാറുന്ന സനാതന ധര്‍മ്മത്തിന്റെ സുന്ദര കാഴ്ചയാണ് മഹാകുംഭമേള.
തയ്യാറെടുപ്പുകള്‍
മഹാകുംഭമേള നടക്കുന്ന മേള നഗരിയെ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചാണ് യുപി സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചത്. 40 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ 25 ഭാഗങ്ങളായി തിരിച്ച് വികസന-അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കി. വീടുകള്‍, റോഡുകള്‍, വൈദ്യുതി, വെള്ളം, ആശയ വിനിമയ സംവിധാനങ്ങള്‍ എന്നിവ ക്രമീകരിച്ചു. 2019ലെ കുഭമേളയേക്കാള് 800 ഹെക്ടര്‍ പ്രദേശം അധികമായി എടുത്ത് വികസിപ്പിച്ചു.
15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്നാനഘാട്ടുകളാണ് നദിക്കരയില്‍ തയ്യാറാക്കിയത്. പഴയ 35 ഘാട്ടുകള്‍ പുനര്‍നിര്‍മ്മിച്ചതിനൊപ്പം പുതിയ 9 സ്നാന ഘാട്ടുകള്‍ സജ്ജമാക്കി. നദിക്കരയിലൂടെ എട്ടു കിലോമീറ്റര്‍ പുതിയ റോഡുകളുണ്ട്. പ്രതിദിനം പത്തുകോടിയാളുകള്ക്കുവരെ സ്നാനം ചെയ്യാന്‍ പാകത്തിലാണ് സജ്ജീകരണങ്ങള്‍. ഒന്നര ലക്ഷം ടെന്റുകള്‍, ഒന്നര ലക്ഷം ടോയ്ലറ്റുകള്, മേളനഗരിയില്‍ കാല്‍ലക്ഷം മാലിന്യശേഖരണ ടാങ്കുകള്‍, നഗരിയുടേയും ഗംഗാനദിയുടേയും വൃത്തി ഉറപ്പാക്കാന്‍ 15,000 ശുചീകരണ ജീവനക്കാര്‍, 160 മാലിന്യ ശേഖരണ വാഹനങ്ങള്‍, 69,000 എല്‍ഇഡി ലൈറ്റുകളും സോളാര്‍ തെരുവ് വിളക്കുകളും സജ്ജമാക്കിയിട്ടുണ്ട്. നഗരിയിലാകെ നാനൂറ് കിലോമീറ്ററോളം റോഡുകള്‍ക്ക് പുറമെ, 30 താല്‍ക്കാലിക പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങള്‍
അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ അടക്കം അമ്പതിനായിരം പോലീസുകാര്‍, 2700 സിസിടിവി ക്യാമറകള്‍, മുഖം സ്കാന്‍ ചെയ്ത് ആളെ തിരിച്ചറിയുന്നതിനുള്ള ക്രമീകരണങ്ങള്‍, നിരീക്ഷണ ഡ്രോണുകള്‍, വെള്ളത്തിനടിയിലെ ഡ്രോണുകള്‍, എഐ സംവിധാനത്തോടെ ആള്‍ക്കൂട്ട നിയന്ത്രണത്തിനായി തന്ത്രപ്രധാന സ്ഥലങ്ങളില്‍ 340 വിദഗ്ധര്‍, 56 അംഗ സൈബര്‍ സുരക്ഷാ വിദഗ്ധ സംഘം, എല്ലാ പോലീസ് സ്റ്റേഷനുകളിലും സൈബര്‍ ഹെല്‍പ്പ് ഡെസ്ക്ക് എന്നിവയുണ്ട്.
തീപിടുത്തം തടയുന്നതിനായി മാത്രം 131.48 കോടി രൂപയുടെ സുരക്ഷാ സംവിധാനങ്ങള്‍ ടെന്റ് സിറ്റിയിലാകെ ക്രമീകരിച്ചിട്ടുണ്ട്. വലിയ ജലസംഭരണികള്‍ വഴി 35 മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ വീതിയിലും തീപിടുത്തം തടയാനുള്ള ക്രമീകരണങ്ങള്‍, 351 ഫയര്‍ എന്‍ജിനുകള്‍, അമ്പതിലധികം ഫയര്‍ഫോഴ്സ് സ്റ്റേഷനുകള്‍, രണ്ടായിരത്തിലധികം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, പ്രകൃതി ദുരന്തങ്ങളെ അടക്കം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍, ഇരുപത് ടണ്‍ വരെ ഭാരമുയര്‍ത്താന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ എന്നിവയും സജ്ജമാണ്. 82 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ് മഹാകുംഭമേളയുടെ കവറേജിനായി എത്തുന്നത്. പുറമേ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മാധ്യമ പ്രവര്‍ത്തകരും പ്രയാഗ് രാജിലേക്കെത്തും. പ്രയാഗ് രാജിലെ പരേഡ് ഗ്രൗണ്ടില്‍ അന്താരാഷ്ട്ര മീഡിയാ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്.
1,800 ഹെക്ടറിലായി ഒന്നേകാല്‍ ലക്ഷം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം. നാലു സംസ്ഥാനങ്ങളിലെ 11 വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്കു പാര്‍ക്കിംഗ് ക്രമീകരണം. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3000 പ്രത്യേക ട്രെയിനുകളുള്‍പ്പടെ ഏകദേശം 13,000 ട്രെയിനുകള്‍ കുഭമേള നടക്കുന്ന പ്രയാഗ് രാജിലേക്ക് സര്‍വീസ് നടത്തും. ആയിരത്തോളം ബസുകളും സര്‍വീസ് നടത്തും. പ്രയാഗ് രാജ് വിമാനത്താവളത്തിലേക്കു ദിവസവുമെത്തുന്ന വിമാനങ്ങളുടെ എണ്ണം പതിന്മടങ്ങാക്കി. 201 റോഡുകള്‍ വീതികൂട്ടി ടാറിങ് പൂര്‍ത്തീകരിച്ചു. 40 ജംഗ്ഷനുകളുടേയും 48 റോഡുകളുടേയും സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാക്കി. 14 പുതിയ ഓവര്‍ബ്രിഡ്ജുകളും ഫ്ളൈ ഓവറുകളും നിര്‍മിച്ചു. 5,500 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കി. 7 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മഹാമേളയായി കുംഭമേള മാറുകയാണ്. സമ്പദ് ഘടനയില്‍ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നടക്കുന്നത് എന്നറിയുമ്പോഴാണ് അതിന്റെ വ്യാപ്തി വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: