തിരുവനന്തപുരം: ജയചന്ദ്രന് വേണ്ടി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ രചിച്ച ശ്രീകുമാരന്‍തമ്പിയ്‌ക്ക് ഉള്ളില്‍ നിറയുന്ന സങ്കടക്കടല്‍ അടക്കാനാവാതെ പറയുന്നു:”വേറിട്ട് പോയത് എന്റെ അനുജനാണ്.” കപടനാട്യങ്ങളെ വെറുക്കുന്ന ശ്രീകുമാരന്‍ തമ്പിയ്‌ക്ക് നിര്‍മ്മല ഹൃദയനായ ജയചന്ദ്രന്‍ എന്നും ഹൃദയത്തില്‍ പെയ്തിറങ്ങിയ കുളിരോര്‍മ്മയാണ്. ശ്രീകുമാരന്‍തമ്പി ജയചന്ദ്രന് വേണ്ടി ഏകദേശം 187 ഗാനങ്ങള്‍ രചിച്ചു.
“താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ജയചന്ദ്രന്‍ തന്റെ സഹോദരിയുടെ വിവാഹത്തിന് വീട്ടില്‍ വന്ന് പാടിയിട്ടുണ്ട്. ഞങ്ങള്‍ പരിചയപ്പെട്ടിട്ട് മൂന്നാം മാസത്തിലാണ് എന്റെ അനുജത്തിയുടെ വിവാഹം. അന്ന് ജയചന്ദ്രന്‍ പറഞ്ഞു. ഞാന്‍ വന്ന് പാട്ട് പാടാം. അന്ന് ഞാന്‍ അറിയപ്പെട്ടുതുടങ്ങിയിട്ടില്ല. കല്യാണത്തിന് ദക്ഷിണാമൂര്‍ത്തിയുടെ സംഗീതക്കച്ചേരിയും ജയചന്ദ്രന്റെ പാട്ടും ഉണ്ടായിരുന്നു. അനുജന് തുല്യനായ ജയചന്ദ്രന്‍ വിടപറഞ്ഞ ദുഖം എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്നറിയുന്നില്ല. “- ശ്രീകുമാരന്‍തമ്പി പറയുന്നു.
“സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ക്ലാസിക്കലും സെമിക്ലാസിക്കലും നന്നായി ജയചന്ദ്രന്‍ പാടും. സഹഗായകരെപ്പറ്റി നല്ല വാക്കുകള്‍ പറയുന്ന ഇങ്ങിനെ ഒരു ഗായകനെ വേറെ കണ്ടിട്ടില്ല. “- ശ്രീകുമാരന്‍തമ്പി പറയുന്നു.
“ജയചന്ദ്രന്‍ സ്നേഹിച്ചത് സംഗീതത്തെയാണ്. എല്ലാ സംഗീതജ്ഞരേയും അദ്ദേഹം സ്നേഹിച്ചു. അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നാല്‍ വിവിധ ഭാഷകളിലെ ഗായകരെക്കുറിച്ചി അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കും. പല ഭാഷകളിലുള്ള പാട്ടുകള്‍ അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. അത് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “- ശ്രീകുമാരന്‍തമ്പി പറയുന്നു.
“ഭാവമാണ് ജയചന്ദ്രന്റെ ആലാപനത്തിലെ പ്രത്യേകത. ഓരോ വാക്കുകള്‍ക്കും ജയചന്ദ്രന്‍ നല്‍കുന്ന സ്ട്രെസ് ഭയങ്കരമാണ്. എന്നേക്കാള്‍ നാല് വയസ്സിന് ഇളയതാണ് ജയചന്ദ്രന്‍. ഞങ്ങളുടെ രണ്ടുപേരുടെയും പാട്ടുകള്‍ ഒരേ സമയത്ത് പുറത്തുവന്നു. മലയാളഭാഷതന്‍ മാദകഭംഗി നിന്‍ മലര്‍മന്ദഹാസമായി…, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്‍പം, രാജീവനയനേ നീയുറങ്ങു, രാഗവിലോലേ നീയുറങ്ങൂ…
തുടങ്ങി എത്രയെത്ര ഗാനങ്ങള്‍. 58 വര്‍ഷമായി ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം. എന്റെ അനുജന്‍ മരിച്ചിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു”- ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ട് ശ്രീകുമാരന്‍ തമ്പി പറയുന്നു.
ശ്രീകുമാരന്‍തമ്പി വിവിധ സിനിമകള്‍ക്കായി രചിച്ച ഏകദേശം 187 പാട്ടുകള്‍ പി.ജയചന്ദ്രന്‍ എന്ന ഗായകന്‍ ആലപിച്ചിട്ടുണ്ട്. യദുകുലരതിദേവനെവിടെ, നിന്‍പദങ്ങളില്‍ നൃത്തമാടിടും, കാളി ഭദ്രകാളി, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, പഞ്ചവടിയിലേ മായാസീതയോ, നിന്‍ മണിയറയിലെ, അറബിക്കടലിളകി വരുന്നു ആകാശപൊന്ന് വരുന്നൂj, സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം, മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം, മുത്തുകിലുങ്ങീ, മണിമുത്തുകിലുങ്ങീ , നന്ത്യാര്‍വട്ട പൂചിരിച്ചൂ തുടങ്ങി എത്രയോ എത്രയോ ഗാനങ്ങള്‍ പി.ജയചന്ദ്രന്റെ ശബ്ദത്തില്‍ അനശ്വരമായി മലയാളി ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു.
ജയചന്ദ്രന്‍ അനശ്വരമാക്കിയ ശ്രീകുമാരന്‍തമ്പി രചിച്ച 20 അനശ്വരഗാനങ്ങള്‍:
1.മലയാളഭാഷതന്‍ മാദകഭംഗി നിന്‍ മലര്‍മന്ദഹാസമായി..
2.ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്‍പം
3.രാജീവനയനേ നീയുറങ്ങു, രാഗവിലോലേ നീയുറങ്ങൂ
4.യദുകുലരതിദേവനെവിടെ
5. നിന്‍പദങ്ങളില്‍ നൃത്തമാടിടും
6.കാളി ഭദ്രകാളി
7.തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു
8.പഞ്ചവടിയിലേ മായാസീതയോ
9.നിന്‍ മണിയറയിലെ
10.അറബിക്കടലിളകി വരുന്നു ആകാശപൊന്ന് വരുന്നൂ
11.സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം
12.മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
13.മുത്തുകിലുങ്ങീ, മണിമുത്തുകിലുങ്ങീ
14.നന്ത്യാര്‍വട്ട പൂചിരിച്ചൂ
15.സ്വാതിതിരുനാളിന്‍ കാമിനീ
16.മല്ലികപ്പൂവിന്‍ മധുരഗന്ധം
17. തരിവളകള്‍ ചേര്‍ന്നുകിലുങ്ങി താമരയിതള്‍ മിഴികള്‍ കിലൂങ്ങീ
18.തുറുപ്പുഗുലാനിറക്കി വിടെന്റെ ചേട്ടാ
19.ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു
20.തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന
പ്രതികരിക്കാൻ ഇവിടെ എഴുതുക: