നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദല്‍ഹിയിലെ രാപകലുകള്‍ക്ക് ചൂടേറി. ശൈത്യകാലമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രവര്‍ത്തകരും തെരുവുകളുമെല്ലാം തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിക്കഴിഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. എട്ടിന് ഫലമറിയാം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച എഎപി(ആപ്പ്) ഭരണം അവസാനിപ്പിച്ച് ദല്‍ഹിയിലും താമര വിരിയിക്കുകയാണ് ബിജെപി ലക്ഷ്യം. മൂന്നാം തവണയും ഭരണം പിടിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും നേടാനാവാത്ത കോണ്‍ഗ്രസിന് ഇത് ജീവന്മരണ പോരാട്ടം. 2020ല്‍ ആകെയുള്ള എഴുപത് സീറ്റില്‍ ആപ് 62 സീറ്റും ബിജെപി എട്ട് സീറ്റുമാണ് നേടിയത്.
ഇരട്ട എഞ്ചിന് സര്‍ക്കാരിന് ബിജെപി
തുടര്‍ച്ചയായ മൂന്നാം തവണയും കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ദല്‍ഹി തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളും നിലനിര്‍ത്താനായത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം ഒറ്റക്കെട്ടായി നിന്നിട്ടും ദല്‍ഹിയിലെ ബിജെപി വോട്ടില്‍ വിള്ളല്‍ വീഴ്ത്താനായില്ല. ഹരിയാനയിലും മഹാരാ ഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ സ്വാധീനം ദല്‍ഹിയിലും പ്രകടമാകും. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന – ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നതും ദല്‍ഹിയിലാണ്. തുടര്‍ച്ചയായി ആപ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് ബിജെപി നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിന്റെ രാജിക്ക് ഒരു പരിധിവരെ കാരണമായതും ബിജെപിയുടെ പോരാട്ട പരമ്പരകളാണ്.
അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഭരണത്തിലെത്തിയ കേജ്രിവാളും ആപും നടത്തിയ കോടികളുടെ അഴിമതിയാണ് ബിജെപിയുടെ ദല്‍ഹിയിലെ പ്രധാന പ്രചരണായുധം. അഴിമതി സംഘത്തെ പുറത്താക്കാന്‍ ദല്‍ഹിയിലെ ജനങ്ങള്‍ക്കുള്ള അവസരമാണ് നിയമസഭാ തെരഞ്ഞെടുപ്പെന്ന് ബിജെപി ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് പങ്കെടുത്ത റാലികളില്‍ ആം ആദ്മിയുടെ അഴിമതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയായിരിക്കെ കേജ്രിവാള് താമസിച്ച ബംഗ്ലാവ് കോടികള്‍ ചെലവഴിച്ച് മോടികൂട്ടിയതും ആഢംബര സൗകര്യങ്ങള്‍ ഒരുക്കിയതുമാണ് പ്രധാനമായും ചര്‍ച്ചയാക്കുന്നത്. കോടികള്‍ മറിഞ്ഞ മദ്യനയവും കേജ്രിവാളിന്റെ അറസ്റ്റുമെല്ലാം മറ്റ് ആയുധങ്ങളാണ്.
പൊതുപണം കൊള്ളയടിച്ച, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ആം ആദ്മി സര്‍ക്കാരിനെ പുറത്താക്കാനുള്ള യഥാര്‍ത്ഥ സമയമിതാണെന്നാണ് ബിജെപി ജനങ്ങളെ ഓര്‍മിപ്പിക്കുന്നത്. ആപ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ സമര്‍ത്ഥിക്കുന്നു. സൗജന്യങ്ങള്‍ നല്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട അരവിന്ദ് കേജ്രിവാള് സംസ്ഥാനത്തെ ഗുരുതരമായ അഴിമതികളിലേക്ക് തള്ളിവിട്ടു. ദല്‍ഹിയുടെ വികസനത്തിന് ബിജെപിയുടെ ഡബിള്‍ എന്ജിന് സര്‍ക്കാര്‍ അധികാരത്തില്‍ വരണം. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന് ജീവന്മരണ പോരാട്ടം
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 31 സീറ്റ് നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അന്ന് ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് എട്ടും തുടക്കക്കാരായ ആപ് 28 സീറ്റുമാണ് നേടിയത്. ആപിനെ കോണ്‍ഗ്രസ് പുറത്തു നിന്ന് പിന്തുണച്ചതോടെ അരവിന്ദ് കേജ്രിവാള് മുഖ്യമന്ത്രിയായി. ആ സര്‍ക്കാര്‍ കാലാവധി തികച്ചില്ല. പിന്നീടിങ്ങോട്ട് കോണ്‍ഗ്രസിന് ദല്‍ഹിയില്‍ വിജയങ്ങളുണ്ടായിട്ടില്ല. 2013ല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 24.6% ആയിരുന്നു. 2015ല്‍ 9.7%, 2020 ല്‍ 4.26% എന്നിങ്ങനെ ക്രമത്തില്‍ കുറഞ്ഞു. 2013ല്‍ 29.5% വോട്ട് നേടിയ ആപ് 2015ല്‍ 54.3%, 2020ല്‍ 53.57% വോട്ടും നേടി. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ആപിലേക്ക് മറിഞ്ഞു. എന്നാല്‍ അപ്പോഴും ബിജെപിയുടെ വോട്ട് വിഹിതം മാറ്റമില്ലാതെ തുടര്‍ന്നു.
കോണ്‍ഗ്രസിന്റെ ജീവന്മരണ പോരാട്ടമാണ് ഇത്തവണ. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് സീറ്റൊന്നും കിട്ടിയിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പുമായി സഖ്യമുണ്ടാക്കി ഇന്‍ഡി മുന്നണിയായി മത്സരിച്ചിട്ടും വിജയിച്ചില്ലെന്ന് മാത്രമല്ല, കാര്യമായ മുന്നേറ്റം നടത്താന്‍ പോലും ആയില്ല. ഇന്‍ഡി മുന്നണിയില്ലാതെ ഒറ്റയ്ക്കാണ് കോണ്‍ഗ്രസും ആപും ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അഴിമതി പണം കൊണ്ട് ആപ് വോട്ട് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആപിന്റെ വാഗ്ദാനങ്ങള്‍ തട്ടിപ്പാണെന്നും ഇതിനെതിരെ പ്രചാരണം നടത്തുമെന്നും പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചിട്ടുണ്ട്.
തിരിച്ചടി ഭീതിയില്‍ ആപ്
ഒറ്റയ്ക്കാണെങ്കിലും മികച്ച ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്നാണ് ആപിന്റെ വാദം. സ്ഥാപകനേതാക്കള്‍ ഉള്‍പ്പെടെ ഒപ്പമുണ്ടായിരുന്ന പലരും അഴിമതിയും കെടുകാര്യസ്ഥതയും കാരണം പാര്‍ട്ടിയെ കൈവിട്ടത് അവര്‍ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്കി കൂടെ നിര്‍ത്താനാണ് കേജ്രിവാളും പാര്‍ട്ടിയും ശ്രമിക്കുന്നത്.
എന്നാല്‍ നേരത്തെ നല്കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടില്ലെന്നത് ബിജെപി തുറന്നു കാട്ടിയതോടെ ആപ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിര ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ മുഖ്യമന്ത്രി അതിഷി സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: