കൊച്ചി: ഒളിവിൽ പോകാനുള്ള ബോബി ചെമ്മണ്ണൂരിന്റെ ശ്രമത്തെ അതി വിദഗ്ധമായി തകർത്ത് പോലീസ്. നടി ഹണി റോസിന്റെ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നതിൽ ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യം തേടാനും അത് സുപ്രീം കോടതി വരെ നീളാനും സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടായിരുന്നു പോലീസിന്റെ നീക്കം.
ഇന്നലെ കൊച്ചിയിലെ അഭിഭാഷകരുമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത് ബോബി ആലോചിച്ചിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി ബോബി കർണാടകയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് മുൻകൂട്ടി അറിഞ്ഞ് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പോലീസ് ബോബി ചെമ്മണ്ണൂരിന്റെ വയനാട്ടിലെ വീടിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. ബോചെ 1000 എസ്റ്റേറ്റിൽ നിന്ന് രാവിലെ ബോബി ചെമ്മണ്ണൂർ കാറിൽ പുറത്തേക്കിറങ്ങിയ ഉടനേ കാർ വളഞ്ഞാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വയനാട് ജില്ലാ പോലീസ് ക്യാമ്പിൽ എത്തിക്കുകയായിരുന്നു.
വൈകിട്ടോടെ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ബോബിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയില്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിലയച്ചാൽ അദ്ദേഹം ഇന്ന് രാത്രി ജയിലിൽ കഴിയേണ്ടി വരും. കോയമ്പത്തൂരില്‍ ജൂവല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ബോബിയും നടി ഹാന്‍സികയും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ഇവിടേക്ക് പോകാനുള്ള യാത്രക്കിടെയാണ് ബോബി പിടിയിലായത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരില്‍ ഉദ്ഘാടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: