ന്യൂദൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധർമ്മ പരാമർശത്തിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം. സനാതന ധർമ്മത്തെ അവഹേളിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ദേശീയ വക്താവ് ഷഹ്സാദ് പുനെവാലെ പറഞ്ഞു. പരാമർശം ചില പ്രത്യേക വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മതങ്ങളെ ഇതുപോലെ അവഹേളിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ഷഹ്സാദ് പുനെവാലെ ചോദിച്ചു. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സനാതന ധര്‍മത്തെയും മഹാഭാരതത്തെയും മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെയും അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചത്.
ശ്രീനാരായണഗുരു സനാതന ധര്‍മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും സനാതന ധര്‍മമെന്നത് വര്‍ണാശ്രമ ധര്‍മമല്ലാതെ മറ്റൊന്നുമല്ലെന്നുമായിരുന്നു പിണറായി വിജയന്റെ വാദം. ഗുരുദേവനെ സനാതന ധര്‍മത്തിന്റെ ചട്ടക്കൂടിലൊതുക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഗോത്ര വ്യവസ്ഥ പിന്‍വാങ്ങി വര്‍ണാശ്രമ വ്യവസ്ഥ വരുന്ന ഘട്ടത്തിലുണ്ടായ സാംസ്കാരിക ഉത്പന്നം എന്നാണ് മഹാഭാരതത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
സനാതന ധര്‍മത്തിന്റെ രാഷ്ട്രം എന്നു പ്രഖ്യാപിച്ച തിരുവിതാംകൂര്‍ മഹാരാജാവ് സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് പഴയ ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണെന്ന് പിണറായി തിരുവിതാംകൂര്‍ രാജവംശത്തെയും അധിക്ഷേപിച്ചു. പ്രസംഗിച്ച ഉടനെ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു. എന്നാൽ വേദിയില്‍ത്തന്നെ മുഖ്യമന്ത്രിയെ തിരുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: