ന്യൂദൽഹി: വോട്ടർമാർക്ക് ബിജെപി പണം നൽകുന്നതായും തന്റെ നിയമസഭ മണ്ഡലത്തിൽ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നുവെന്നും ആരോപിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതിന് കത്തയച്ചു. എന്നാൽ ഇതിനെതിരെ ശക്തമായി തിരിച്ചടിച്ചു കൊണ്ട് ബിജെപി ദൽഹി ഘടകം അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ രംഗത്തെത്തി. കെജ്രിവാൾ കളവ് പറയുന്നതും അഴിമതി നടത്തുന്നതും വോട്ടർമാർക്ക് വ്യാജവാഗ്ദാനങ്ങൾ നൽകുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യമുന നദിയുടെ ശോച്യാവസ്ഥയിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ദൽഹിയിൽ ബിജെപി ചെയ്യുന്ന തെറ്റുകൾ ആർഎസ്എസ് അംഗീകരിക്കുന്നുണ്ടോയെന്ന് കെജ്രിവാൾ കത്തിലൂടെ ചോദിച്ചു. വോട്ടിനായി ബിജെപി നേതാക്കൾ പണം വിതരണം ചെയ്യുകയാണ്. വോട്ടർ പട്ടികയിൽ നിന്നും പൂർവ്വാഞ്ചൽ ഭാഗത്ത് നിന്നുള്ള ദളിത് വോട്ടർമാരെ വൻ തോതിൽ നീക്കം ചെയ്യുകയാണ്. ഡൽഹി മുൻ മുഖ്യമന്ത്രി കത്തിൽ ആരോപിക്കുന്നു.
കെജ്രിവാൾ ഇന്ത്യ വിരുദ്ധ ശക്തികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നത് നിർത്തണമെന്ന് വീരേന്ദ്ര സച്ച്ദേവ ആവശ്യപ്പെട്ടു. ദൽഹിയിലെ അനധികൃത കുടിയേറ്റക്കാരായ റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും വ്യാജരേഖകൾ സൃഷ്ടിച്ചും പണം നൽകിയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് കെജ്രിവാളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് പോലെ കുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകുകയാണ്. ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് കെജ്രിവാളിന് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: