ഢാക്ക: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ തുറങ്കലിലടച്ച ഹിന്ദു ആചാര്യന് പ്രഭു ചിന്മയ് കൃഷ്ണദാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായിട്ടും ആചാര്യന് ചികിത്സ നല്കാന് ഇസ്ലാമിക ഭരണകൂടം തയാറായിട്ടില്ല. ആചാര്യന് ചികിത്സ നല്‍കുകയോ മോചിപ്പിക്കുകയോ ചെയ്യാത്തതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ചിന്മയ് കൃഷ്ണദാസിനെ മോചിപ്പിക്കുന്നതിനും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്ന് അമേരിക്കയിലെ വിവിധ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. ചിന്മയ് കൃഷ്ണദാസിന്റെ ആരോഗ്യത്തിനായി ഇന്ന് മുഴുവന്‍ ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥിക്കാന്‍ ബംഗ്ലാദേശിലെ ഹിന്ദു സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു.
ഹിന്ദു സംഘടനയായ ബംഗ്ലാദേശ് സമ്മിളിതോ സനാതന്‍ ജാഗരണ്‍ ജോട്ടെ (ബിഎസ്എസ്ജെജെ) ആണ് ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന്റെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തറിയിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ മോശമായെന്നും ശരിയായ ചികിത്സ നല്‍കുന്നില്ലെന്നും ബിഎസ്എസ്ജെജെ പ്രസ്താവനയില്‍ പറഞ്ഞു. ജയിലില്‍ നിന്നും രണ്ട് തവണ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കാര്യമായ ചികിത്സ നല്‍കിയില്ല. പ്രമേഹം, ആസ്ത്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ചിന്മയ് കൃഷ്ണദാസിന് ഉണ്ടായിരുന്നു. ജയിലില്‍ സ്ഥിതി വഷളാകുകയായിരുന്നു.
നവംബര്‍ 25നാണ് ഇടക്കാല സര്‍ക്കാര്‍ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ സമ്മേളനത്തില്‍ ദേശീയപതാകയോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.
പിന്നാലെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസെടുത്തു. രണ്ട് തവണ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും അഭിഭാഷകന് ഹാജരായില്ലെന്ന കാരണം പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു. നാളെ ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കും. എന്ത് ഭീഷണിയുണ്ടായാലും ജീവന് പണയംവച്ചും ആചാര്യനായി കോടതിയില്‍ ഹാജരാകുമെന്ന് കൊല്‍ക്കത്തയില്‍ ചികിത്സയ്ക്കെത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകന് രബീന്ദ്ര ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: