വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ജോര്‍ജിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു. 100 വർഷം വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റാണ് ജിമ്മി കാർട്ടർ.
കാന്‍സറിനെ അതിജീവിച്ച അദ്ദേഹം സമീപ വര്‍ഷങ്ങളില്‍ കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു. 2002-ലാണ് നൊബേല്‍ ജേതാവാകുന്നത്. ജനാധിപത്യം വളർത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും ലോകവ്യാപകമായി അദ്ദേഹം നൽകിയ സംഭാവനകളാണ് നോബേൽ പുരസ്കാരത്തിന് അർഹമായത്.
1976-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റായ കാര്‍ട്ടര്‍ വൈറ്റ് ഹൗസില്‍ പ്രവേശിച്ചത്. വാട്ടര്‍ഗേറ്റ് അഴിമതിയുടെയും വിയറ്റ്നാം യുദ്ധത്തിന്റെയും കാലത്താണ് അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്. നേരത്തെ കാലിഫോര്‍ണിയ ഗവര്‍ണറായി സേവനമനുഷ്ഠിച്ച നടനും രാഷ്ട്രീയക്കാരനുമായ റൊണാള്‍ഡ് റീഗനോട് 1980-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു.
1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. എഞ്ചിനീയറിങിലെ ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുജന സേവനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: