മെല്‍ബണ്‍: മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സെഞ്ചുറിയിലൂടെ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന വിശാഖപട്ടണക്കാരന്‍ ഇന്ത്യയെ കരകയറ്റി.
. സാക്ഷിയായി കണ്ണീരോടെ ഗാലറിയില്‍ പിതാവ് മുത്തിയാല റെഡ്ഡിയുണ്ടായിരുന്നു.
മകൻ ചരിത്രം സൃഷ്ടിച്ചപ്പോൾ കണ്ണീരിനാൽ കാഴ്ച്ച മറഞ്ഞിരിക്കുകയായിരുന്നു മുത്തിയാല റെഡ്ഡി.
സ്കോട്ട് ബോളണ്ടിന്റെ പന്തിൽ നിതീഷ് ബൗണ്ടറിയടിച്ച് സെഞ്ച്വറി തികച്ചപ്പോൾ മുത്തിയാല റെഡ്ഡി കരയുകയായിരുന്നു. ഇത് കണ്ട് ഗ്യാലറിയിൽ അടുത്തിരുന്നവരും അദ്ദേഹത്തെ ചേർത്ത് പിടിച്ചു. ആരുടെയും ഹൃദയം നിറയ്ക്കുന്ന കാഴ്ച്ച സോഷ്യൽ മീഡിയയിൽ വൈറലായി.
‘ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ദിവസമാണിത് . ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല .14 വയസ് മുതൽ സ്ഥിരതയോടെയാണ് നിതീഷ് കളിക്കുന്നത് . ആ പ്രകടനം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ എത്തി നിൽക്കുന്നു . ഏറ്റവും പ്രിയപ്പെട്ട നിമിഷമാണിത് സംശയമില്ല . വിക്കറ്റുകൾ തുടർച്ചയായി വീണപ്പോൾ ഭയമുണ്ടായിരുന്നു. ഒറ്റ വിക്കറ്റ് മാത്രമല്ലേ ശേഷിച്ചത്. സിറാജ് ഓസീസ് ബൗളിങ്ങിനെ പ്രതിരോധിച്ചുനിന്നതിന് നന്ദി’, മുത്തിയാല റെഡ്ഡി പറഞ്ഞു.
ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുന്നതിന്റെ സമ്മര്‍ദത്തിനിടയില്‍ നാല് ടെസ്റ്റിന്റെ പരിചയസമ്പത്ത് മാത്രമുള്ള നിതീഷ് മുള്‍മുനയില്‍ നിലനിന്ന ശേഷമായിരുന്നു നൂറിലെത്തിയത്. 90 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ സമ്മര്‍ദത്തിലായി. വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായതോടെ സമ്മര്‍ദം കൂടി. പിന്നാലെ സ്കോട്ട് ബോളണ്ടിന്റെ പന്തില്‍ എല്‍ബിഡബ്ല്യു അതിജീവിച്ചു. ഇതോടെ ടെന്‍ഷന്‍ വീണ്ടും കൂടി. നിതീഷിന്റെ അച്ഛന് പ്രാര്‍ഥനകളോടെ കാണികള്‍ക്കിടയില്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിനുനേരെ ക്യാമറക്കണ്ണുകള്‍ തിരിഞ്ഞു.
കമ്മിന്‍സന്റെ ഓവറില്‍ ജസ്പ്രീത് ബുംറ പുറത്തായി. ക്രീസെലിത്തിയത് സിറാജായിരുന്നു. ഓവറിലെ ശേഷിക്കുന്ന പന്തുകള്‍ സിറാജ് അതിജീവിച്ചു.അടുത്ത ഓവറില്‍ ബോളണ്ടിനെ ബൗണ്ടറിയിലേക്ക് പറത്തി നിതീഷ് സഞ്ചുറി പൂര്‍ത്തിയാക്കി. സന്തോഷക്കണ്ണീരോടെ മുത്തിയാല റെഡ്ഡി കൈകള്‍ കൂപ്പി ആകാശത്തേക്ക് നോക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: