കോഴിക്കോട്: ഒരു വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ആ ആള്‍ക്ക് തുല്യനായി മറ്റൊരാള്‍ ഇല്ലാതിരിക്കുമ്പോഴാണ് നാം അയാളെ യുഗപുരുഷനെന്ന് പറയുന്നത്. അങ്ങനെ വരുമ്പോള്‍ മലയാള കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ യുഗപുരുഷനാണ് എംടി.
എഴുത്തിന്റെ എല്ലാ ശാഖകളിലും അദ്വിതീയനായി അദ്ദേഹം നിലകൊണ്ടു. ഈ സര്‍വ്വവ്യാപിത്വം തന്നെയാണ് സിനിമാ മേഖലയിലും അദ്ദേഹത്തിനുള്ളത്. കഥയും തിരക്കഥയും സംവിധാനവും വരെയുള്ള രംഗങ്ങളില്‍ തന്റെ കൈയൊപ്പ് പതിപ്പിച്ചു. എംടിയുടെ തിരക്കഥയില്‍ ഒരു ചെറിയ വേഷമെങ്കിലും അഭിനയിക്കാന്‍ കൊതിക്കാത്തവരില്ല. ക്രാന്തദര്‍ശിയായ പത്രാധിപര്‍ എന്ന നിലയിലും പ്രശസ്തന്‍. അദ്ദേഹം മാതൃഭൂമി ആഴ്ച പതിപ്പിന്റെ പത്രാധിപരായിരിക്കെയാണ് എഴുപതുകളുടെ രണ്ടാം പകുതിയില്‍ ഒട്ടേറെ യുവ എഴുത്തുകാര്‍ പ്രശസ്തിയിലേക്കു കുതിച്ചത്. ഒരര്‍ത്ഥത്തില്‍ സാഹിത്യത്തിലെ കിങ് മേക്കറായിരുന്നു എംടി. ഇതുപോലെ തൊട്ടതെല്ലാം പൊന്നാക്കിയ മറ്റൊരാള്‍ മലയാളത്തിലുണ്ടോ?.
എംടി എന്ന പേര് എങ്ങും നിറഞ്ഞ് നില്‍ക്കുമ്പോളും സാഹിത്യത്തിലും കലയിലും സാമൂഹ്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വാക്കുകളെ ഇത്രയധികം പിശുക്കോടെ ഉപയോഗിച്ച എഴുത്തുകാര്‍ കുറവായിരിക്കും. ഒരേ സമയം എംടിയുടെ വാക്കുകളില്‍ പദ ധ്യാനവും സൂക്ഷ്മതയും ലാളിത്യവും നാട്ടുഭാഷയുടെ നൈര്‍മല്യവും ഹൃദ്യതയും ദൃശ്യപരതയും അകൃത്രിമത്വവും ഒക്കെ അതിന്റെ മൂര്ത്തഭാവത്തില് സമ്മേളിച്ചു. ഭാഷാപരമായ ഈ സവിശേഷത കൊണ്ടാവണം സമൂഹത്തിന്റെ എല്ലാ അടരുകളിലും പെട്ടവര്‍ക്ക് അദ്ദേഹം അത്രമേല്‍ പ്രിയപ്പെട്ടതായത്. നിലപാടിലെ ഊറ്റം കൊണ്ട് യാതൊരു കക്ഷിരാഷ്ട്രീയ സ്വാധീനത്തിനും വിധേയപ്പെടാതെ നിര്‍ഭയം സംസാരിക്കുന്ന വ്യക്തിത്വം.
2004 ല്‍ എന്റെ ആദ്യ കവിതാ സമാഹാരമായ ‘കാലദാന’ത്തിന് അവതാരിക എഴുതിയത് എംടിയാണ്. പിന്നീട് ലിപി ബുക്സ് പ്രസിദ്ധീകരിച്ച ‘വിളക്കുകാലുകള്‍ എവിടെ ‘എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തതും എംടിയാണ്. അന്ന് പ്രകാശന വേളയിലെ പ്രസംഗത്തില്‍ അദ്ദേഹം, താനെഴുതാന്‍ ആഗ്രഹിക്കുന്നതാണ് ശ്രീധരന്‍പിള്ള എഴുതിയതെന്ന് പറഞ്ഞത് ഏറ്റവും വലിയ പുരസ്കാരമായി ഞാന്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: