തൃശൂര്‍ : ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രന്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സര്‍വകലാശാലകളെ സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവര്‍ണര്‍ ഇടപ്പെട്ടത്. സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധ ബില്ലുകള്‍ തടഞ്ഞുവച്ചതാണ്. എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചത് ഗോവിന്ദന്റെ പാര്‍ട്ടിയാണെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ മാറിയതിനാല്‍ രക്ഷപ്പെടാമെന്ന് സിപിഎം കരുതരുത്. ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ല- സുരേന്ദ്രന് പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷത്തിന് തുല്യ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാര്ട്ടി് ബിജെപിയാണ്. 80:20 വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയര്‍ത്തി പിടിച്ചത് ബിജെപിയാണ്. ലവ് ജിഹാദ് വിഷയത്തിലായാലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തിന്റെ കാര്യത്തിലായാലും ക്രൈസ്തവരുടെ ഒപ്പം പാറ പോലെ ഉറച്ചു നിന്നത് ബിജെപി മാത്രമാണെന്ന് കെ.സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: