കൊച്ചി: എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ആര് ബിന്ദു അറിയിച്ചു.
തൃക്കാക്കര കെ എം എം കോളേജില്‍ നടന്ന എന്‍സിസി ക്യാമ്പിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഉണ്ടായത്. എന്‍സിസി ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയന് എന്‍സിസി എറണാകുളത്തെ സ്കൂള്‍/കോളേജ് കേഡറ്റുകള്‍ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാര്‍ഷികപരിശീലന ക്യാമ്പാണ് നടത്തിയത്.
ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചി കാക്കനാട് എന്‍സിസി ക്യാമ്പ് പിരിച്ച് വിട്ടതിന് പിന്നാലെ അന്വേഷണത്തിന് ബ്രിഗേഡിയര്‍ പദവിയിലുളള ഓഫീസറെ ചുമതലപ്പെടുത്തി. ക്യാമ്പ് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഡിസംബര്‍26 ന് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എന്‍സിസി 21 കേരള ബറ്റാലിയന് ക്യാമ്പില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.
അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 ഓളം വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: