ശബരിമല മണ്ഡല തീര്‍ത്ഥാടനവേളയില്‍ കൊല്ലം ജില്ലയിലെ വനമേഖലയില്‍ പരശുരാമ പ്രതിഷ്ഠിതമായ മൂന്നു ശാസ്താ ക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് ഭക്തരാണ് എല്ലാ വര്‍ഷവും എത്തുന്നത്. കുളന്തയുടെ ഊരിലെ പുഴയുടെ പേരിലറിയപ്പെടുന്ന കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രം, ആര്യന്റെ കാവായ ആര്യങ്കാവ് ക്ഷേത്രം, അച്ഛന്റെ കോവിലായ അച്ചന്‍കോവിലില്‍ ക്ഷേത്രം എന്നിവയാണ് ഈ മൂന്നു ക്ഷേത്രങ്ങള്‍. ധര്‍മ്മശാസ്താവിന്റെ ബാല്യ, യൗവന, ഗൃഹസ്ഥാശ്രമ അവസ്ഥകളുമായി ബന്ധപ്പെട്ടതാണിവ. ഇവയുടെ ഐതീഹ്യങ്ങളും ആചാരങ്ങളും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.
കുളത്തൂപ്പുഴ
കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനമാണ് കുളത്തൂപ്പുഴയ്ക്കുള്ളത്. ശാസ്താവിന്റെ ശിശുരൂപ പ്രതിഷ്ഠയാണ് കുളത്തൂപ്പുഴയിലേത്. ആറിനു സമീപമാണ് ക്ഷേത്രം. ആറ്റിലെ മത്സ്യങ്ങള്‍ തിരുമക്കള്‍ എന്ന് അറിയപ്പെടുന്നു. ഇവക്ക് അരിയിട്ട് വാഴ്ച നടത്തിയാല്‍ ത്വക്ക് രോഗങ്ങള്‍ ശമ#ിക്കുമെന്ന് വിശ്വാസം. മനുഷ്യരുമായി ഇണങ്ങിയ മീനുകള്‍ അടുത്ത് വന്ന് തീറ്റ സ്വീകരിക്കും. അരി, കടല, മലര് എന്നിവയാണ് ഭക്തര്‍ തീറ്റ നല്‍കുന്നത്. ഈ കടവില്‍ ഒരു കൂറ്റന്‍ മത്സ്യമുണ്ട്. ബാലകനായ അയ്യപ്പനെ സ്നേഹിച്ച മത്സ്യകന്യകയാണിതെന്നു പറയപ്പെടുന്നു. മേടവിഷു ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മേല്‍ശാന്തി പായസം, വെള്ളച്ചോറ് എന്നിവ നല്കുന്ന ചടങ്ങാണ് മീനൂട്ട്. താന്ത്രികസ്ഥാനം കോക്കുളത്ത് മഠത്തിനാണ്.
ആര്യങ്കാവ്
ധര്‍മ്മശാസ്താവ് അവിവാഹിതനെന്നാണ് ധാരണ. എന്നാല്‍ വിവാഹ ഒരുക്കങ്ങളും മറ്റു ചടങ്ങുകളും അരങ്ങേറുന്ന ക്ഷേത്രമാണ് ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അയ്യപ്പന് ഗൃഹസ്ഥാശ്രമ ഭാവത്തില്‍ കുടികൊള്ളുന്ന ഈ ശാസ്താ ക്ഷേത്രത്തിന് തമിഴ്നാടുമായാണ് ഏറെ ബന്ധം. തമിഴ് ഭക്തരാണ് കൂടുതല്‍ എത്തുന്നതും. ധനുമാസത്തിലെ പാണ്ഡ്യന് മുടിപ്പും (വിവാഹ നിശ്ചയം) തൃക്കല്ല്യാണ ചടങ്ങുകളുമാണ് പ്രധാന ഉത്സവം. മധുര രാജാവിന്റെപിന്മുറക്കാര് പണക്കിഴിയുമായി ആര്യങ്കാവില്‍ എത്തുന്നതോടെ വിവാഹ നിശ്ചയം കഴിയുന്നു. തുടര്‍ന്ന് ഭഗവതി മടങ്ങുന്നു. ഈ ഭഗവതിയാണ് ആര്യങ്കാവില്‍ നിന്ന് 10 കി.മി. അകലെയുള്ള മാമ്പഴത്തറ ഭഗവതി.
ശബരിമലയില്‍ മണ്ഡല പൂജയും ആര്യങ്കാവില്‍ തൃക്കല്യാണവും അച്ചന്‍കോവില്‍ രഥോത്സവവും ഒരേ ദിവസം തന്നെയാണ്. പാണ്ഡ്യന് മുടിയെടുപ്പിന് പിറ്റേ ദിവസമാണ് തൃക്കല്ല്യാണ ചടങ്ങുകള്‍. ധര്മ്മശാസ്താവിന് സഹധര്മ്മിണിയാകുവാന് പാണ്ടിനാട്ടിലെ പെണ്‍കുട്ടിയെ നിശ്ചയിച്ച്, വിവാഹ മുഹൂര്‍ത്തം തീരുമാനിച്ച് ആവശ്യമായ സാധന സാമഗ്രികളുമായി വധുവിനേയും കൂട്ടി ബന്ധുക്കള്‍ ആര്യങ്കാവില്‍ എത്തും. വിവാഹ മണ്ഡപം പ്രത്യേകം നിര്മിച്ചലങ്കരിച്ച് വാദ്യമേളങ്ങളോടെ വരന്റെ ആള്ക്കാര് വധുവിന്റെ രക്ഷകര്‍ത്താക്കളെ സ്വീകരിക്കും. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ കല്യാണപ്പെണ്ണ് കതിര്‍മണ്ഡപത്തിലെത്തും. എന്നാല്‍, ഈ സമയം വധു ഋതുമതിയായി എന്നറിയിക്കുന്നതിനെ തുടര്‍ന്ന് വിവാഹം മുടങ്ങും. പ്രതീകാത്മകമായി താലി വിഗ്രഹത്തില്‍ ചാര്‍ത്തുന്നതോടെ ചടങ്ങു തീരും. ഇതിനു ശേഷം സദ്യയും തമിഴ് തന്ത്രവിധിപ്രകാരമുള്ള കുഭാംഭിഷേകവും നടക്കും. സൗരാഷ്ട്ര ബ്രാഹ്മണ പെണ്‍കൊടി ആയ പുഷ്കലാദേവിയെയാണ് അയ്യപ്പന് വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇവിടെ രണ്ട് മേല്‍ശാന്തിമാര്‍ ഉണ്ട്.
അച്ചന്‍കോവില്‍
പശ്ചിമഘട്ട മലനിരയുടെ മടിത്തട്ടിലുള്ള അച്ചന്‍കോവില്‍ ഗ്രാമത്തിലാണ് പ്രശസ്തമായ ഈ ധര്‍മ്മശാസ്താ ക്ഷേത്രം. പൂര്‍ണ-പുഷ്കലാ സമേതനായി ഗൃഹസ്ഥനായി അയ്യപ്പന് ഇവിടെ നിലകൊള്ളുന്നു. അച്ചന്‍കോവിലിലെ ശ്രീകോവിലിന് മുകളില്‍ കുടുംബസമേതനായ ശാസ്താവിനെ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നില്‍ പതിനെട്ടാംപടിക്ക് താഴെ വലതു ഭാഗത്ത് ഗണപതിയേയും ഇടത് മുരുകനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗോപുരമുകളില്‍ അമ്പും വില്ലും ധരിച്ച് പുലിപ്പുറത്തേറിയ അയ്യപ്പന്റെ രൂപവുമുണ്ട്.
പത്തിനും 50 വയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 18 പടികള്‍ ചവുട്ടി ദര്‍ശനം നടത്താന്‍ സാധിക്കുന്ന ഏക ശാസ്താ ക്ഷേത്രമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ശാസ്താ ക്ഷേത്രങ്ങളില്‍ എല്ലാം ഭഗവാന്റ അനുചരനായ കറുപ്പസ്വാമി ഉണ്ടെങ്കിലും ഇവിടെ പടിഞ്ഞാറേയ്ക്ക് ദര്‍ശനമായി പ്രത്യേക ക്ഷേത്രത്തില്‍ കറുപ്പസ്വാമിക്കൊപ്പം കറുപ്പായി അമ്മയും കാവലിരിക്കുന്നു. കറുപ്പന് പൂജാരിയാണ് ഉത്സവദിവസം കറുപ്പന് തുള്ളല്‍ നടത്തുക. മറ്റു ശാസ്താ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ഉപദേവതാ സങ്കല്പങ്ങളുള്ള ക്ഷേത്രമാണിത്. കറുപ്പന്കോവിലില് നിത്യപൂജക്കുള്ള അവകാശം കോന്നി താഴേത്തില്‍ കുടുംബത്തിനാണ്.
അച്ചന്‍കോവിലിന് പുറമെ കോട്ടവാസലിലും കറുപ്പസ്വാമി കോവില്‍ ഉണ്ട്. കറുപ്പന് തുള്ളല്‍ രാത്രിയില്‍ ആണ് അരങ്ങേറുക. രഥോത്സവത്തിനുള്ള രഥം കാനന സാമഗ്രികള്‍ കൊണ്ടാണ് നിര്‍മിക്കുക. 15 മീറ്റര്‍ നീളമുള്ള ചൂരലാണ് വടമായി ഉപയോഗിക്കുന്നത്. ക്ഷേത്ര മേല്‍ശാന്തി രഥത്തില്‍ അയ്യപ്പവിഗ്രഹം സ്ഥാപിച്ച് കര്‍പ്പൂരാരതി ഉഴിഞ്ഞാല്‍ രഥം വലിയായി. ഒരു വശത്ത് മലയാളിഭക്തരും മറുഭാഗത്ത് സൗരാഷ്ട്ര ബ്രഹ്മാണരുമാണ് രഥം വലിക്കുക.
രഥം കിഴക്കുഭാഗത്തേക്ക് സൗരാഷ്ട്ര ബ്രഹ്മണര്‍ പിടിച്ചു കൊണ്ടു പോയാല്‍ ധര്‍മ്മശാസ്താവ് തമിഴര്‍ക്കും പടിഞ്ഞാറേക്ക് ഉരുണ്ടാല്‍ മലയാളിക്കും സ്വന്തമെന്നാണ് വിശ്വാസം. എന്നാല്‍ രഥം എന്നും പടിഞ്ഞാറോട്ടു തന്നെയാണ് ഉരുളുക. ദ്രാവിഡ സംസ്കൃതിയുടെ സമ്മേളന കേന്ദ്രമായ ഇവിടെ വ്യത്യസ്തങ്ങളായ നിരവധി ആചരണ രീതികള്‍ വേറെയുമുണ്ട്.
പ്രമോദ് കരവാളൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: