കുവൈറ്റ് സിറ്റി : കുവൈത്തിന്റെ പരമോന്നത ബഹുമതിയായ ‘ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു . വിദേശ രാഷ്ട്രങ്ങളിൽ നിന്നും പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാർഡ് ആണ് ഇത്.കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബയുടെ കൊട്ടാരമായ ബയാൻ പാലസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര ദാനം.
രാഷ്ട്രത്തലവന്മാർക്കും വിദേശ പരമാധികാരികൾക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങൾക്കും സൗഹൃദത്തിന്റെ അടയാളമായി കുവൈറ്റ് നൽകുന്ന ബഹുമതിയാണിത് . ബിൽ ക്ലിൻ്റൺ, ചാൾസ് രാജകുമാരൻ, ജോർജ്ജ് ബുഷ് തുടങ്ങിയ വിദേശ നേതാക്കൾക്ക് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്.
‘ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൽ നിന്ന് മുബാറക് അൽ-കബീർ ഓർഡർ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിനും ഞാൻ സമർപ്പിക്കുന്നു,‘ പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
കഴിഞ്ഞ മാസം ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’ അവാർഡും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: