ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ വാഹന നിരിയിലേക്ക് പുതിയൊരു കോംപാക്ട് എസ്.യു.വി. കൂടി. ഡല്‍ഹി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നടന്ന ചടങ്ങില്‍ കിയാ സിറോസ് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു.
വലിപ്പത്തില്‍ സോണറ്റിനോടും ഫീച്ചറുകളില്‍ സെല്‍റ്റോസിനോടും ഒപ്പം നില്‍ക്കാന്‍ പോകുന്ന മോഡലാണ് കിയാ ശ്രേണിയിലെ രണ്ടാമത് കോംപാക്ട് എസ്‌യുവിയായ സിറോസ്. കിയയുടെ ഇന്റര്‍നാഷണല്‍ മോഡലായ സോളുമായി ഡിസൈന്‍ പങ്കിട്ട് ഒരുങ്ങിയിരിക്കുന്ന വാഹനത്തില്‍ ടോള്‍ ബോയി ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ബോഡി ഒരുക്കിയിരിക്കുന്നത്.
കുത്തനെയുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ലൈന്‍ മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍, ബോക്സി ഭാവമുള്ള ബമ്പര്‍, ഫ്ളാറ്റായി തീര്‍ത്തിരിക്കുന്ന ബോണറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ വ്യത്യസ്തതകള്‍.
വശങ്ങളിലെ ഫ്ളഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും നീണ്ട റൂഫ് റെയിലുകളും ബ്ലാക്ഡ് ഔട്ട് സി പില്ലറുകളുമാണ് മറ്റു ഡിസൈന്‍ സവിശേഷതകള്‍. വിശാലമായ ഇന്റീരിയറും ഫീച്ചറുകളാല്‍ സമ്പന്നമായ കാബിനുമുള്ള മോഡലായിരിക്കും കിയ സിറോസ്.
ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയില്‍ സോണറ്റിന്റെ പിന്‍ഗാമിയാണെങ്കിലും 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, അഡാസ് സ്യൂട്ട്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. കൂടുതല്‍ മികച്ച റിയര്‍ സീറ്റ് എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനായി റിക്ലൈന്‍ സംവിധാനമുള്ള സീറ്റുകളാണ് പിന്‍നിരയില്‍ നല്‍കിയിട്ടുള്ളത്.
വലിപ്പത്തില്‍ വിപണിയിലെ മറ്റ് കോംപാക്ട് എസ്.യു.വികള്‍ക്കും സോണറ്റിനും സമാനമാണ് സൈറസും. ഒമ്പതു മുതല്‍ 17 ലക്ഷം രൂപ വരെ വിലവരുന്ന വാഹനത്തിന്റെ ബുക്കിങ് ജനുവരി മൂന്നിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: