എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ഈ ശരീരത്തെ ഒന്ന് ശ്രദ്ധിക്കൂ. കണ്ണുകളും കാതുകളുമെല്ലാമടച്ചു നിശബ്ദമായി ഉള്ളിലേക്ക് ശ്രദ്ധിക്കൂ. ഇത്രനാള്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് പുറത്തേക്കു മാത്രമാണല്ലോ ശ്രദ്ധിച്ചിരുന്നത്?
ഒരു നേരം അവയെ തിരിച്ചു ഉള്ളിലേക്കു നോക്കാന്‍ പ്രേരിപ്പിക്കൂ. ശരീരത്തിലെ ഓരോ സഞ്ചാലന വ്യവസ്ഥയും അവധാനപൂര്‍വം, കൃത്യതയോടെ പ്രവര്‍ത്തിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം.ആ നിശബ്ദതയില്‍ ഹൃദയത്തിന്റെ ‘ടിക് ടിക്’ നാദം കേള്‍ക്കാം. തണുത്ത വായു ഉള്ളിലേക്കും ചൂടുള്ള വായു പുറത്തേക്കു പോകുന്നതും അനുഭവിക്കാം. മനസ്സ് അതിന്റെ കലമ്പല്ലെലാമടക്കി തനിയെ സ്വസ്ഥമാകുന്നതുമറിയാനാകും. നാമറിയാതെ ആരാണ് നമ്മുക്കുളിലിരുന്ന് ഈ അത്ഭുതപ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നത്?. ഭൗതിക ആഗ്രഹങ്ങളുടെ പിന്നാലെ പാഞ്ഞു തളര്‍ന്ന ശരീരത്തെ ഉറക്കം എന്ന ദിവ്യഔഷധം നല്കി ശരീരത്തിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് ആരാണ്?. സ്വാദുള്ള ഒരു ഭക്ഷണത്തെ അതിന്റെ സ്വാദായി അറിയുന്നത്, ഒരു പാട്ടുകേള്‍ക്കുമ്പോള്‍ അതിന്റെ ഇമ്പത്തിനനുസരിച്ച് മനസിനെ ശാന്തമാക്കുന്നത്,ഒരു നനുത്ത സ്പര്‍ശത്തെ, ഹൃദ്യമായ ഒരു ഗന്ധത്തെ എല്ലാം അതായി തന്നെ അറിയുന്ന ”ഈ ഞാന്‍ ആരാണ്” എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉള്ളിലേക്ക് തിരിയുമ്പോള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത തലങ്ങളും സാധ്യതകളും ജീവിതം നമുക്കായി തുറന്നു തരുന്നു.
ഒരു മാമ്പഴത്തെ തന്നെ എടുക്കാം. മനസ്സിനെ സൂക്ഷ്മമാക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം സ്ഥൂലമായ കാര്യങ്ങളിലാണ് ശ്രദ്ധവയ്‌ക്കേണ്ടത്. മാമ്പഴത്തിന്റെ മാംസളമായ ഭാഗം മാത്രമേ സാധാരണ ഒരു മനുഷ്യന്റെ ദൃഷ്ടിയില്‍ ഉപയോഗയോഗ്യമായുളൂ. ആ മാംസളമായ ഭാഗം എന്തിനെ പൊതിഞ്ഞിരിക്കുന്നുവോ ആ വിത്ത് സാധാരണയായി അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്നു. എന്നാല്‍ പ്രകൃതി ആ വിത്തിനെ മാംസളമായ ഒന്നുകൊണ്ട് പൊതിഞ്ഞു സൃഷ്ടിച്ചിരിക്കുന്നതിനു തീര്‍ച്ചയായും സവിശേഷമായ ഉദ്ദേശ്യങ്ങളുണ്ട്. വിത്തിലാണ് ജീവന്‍ അഥവാ പ്രാണന്‍ അടക്കം ചെയ്യപ്പെട്ടിട്ടുള്ളത്. ആ പ്രാണന്‍ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായി തീരണം. അതിനാല്‍ പ്രകൃതിയെ സംബന്ധിച്ച് വിത്തിനാണ് പ്രാധാന്യം. അതുപോലെ തന്നെ മനുഷ്യനും. മനുഷ്യന്‍ എന്ന ഈ സ്ഥൂല മാംസള ദേഹം ആത്മാവ് എന്ന വിത്തിനെ പൊതിഞ്ഞിരിക്കുന്ന മറ മാത്രമാണ്. ആ ആത്മാവ് എന്ന ദീപത്തെ സംരക്ഷിക്കാനായി ശരീരം സശ്രദ്ധം ഏകോപിക്കപെട്ടിരിക്കുന്നു. ഹൃദയമിടിപ്പുകള്‍, രക്തചംക്രമണ വ്യവസ്ഥ, കണ്ണുകളുടെയും മറ്റും റിഫ്‌ലക്‌സ് ആക്ഷന്‍ മുതലായവ ഈ ദീപം ഒരു ചെറുകാറ്റില്‍ പോലും ഉലഞ്ഞുപോകാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണ്.പ്രകൃതിക്ക് ഒരു മാമ്പഴവിത്ത് എത്രമാത്രം പ്രാധാന്യമുള്ളതാണോ അതുപോലെ മനുഷ്യാത്മാവ് എന്ന വിത്തും പ്രാധാന്യമേറിയതാണ്. മറ്റൊരര്‍ത്ഥത്തില്‍ മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം തന്നെയാണ്. അതില്‍ നിന്നന്യമായ ഒരു നിലനില്‍പ്പ് മനുഷ്യനു സാധ്യമല്ല തന്നെ.
നാം നിത്യവും ഉറങ്ങാറുണ്ട് അല്ലേ?എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണ് ഈ ഉറക്കം എന്ന പ്രതിഭാസം എന്ന്?ഉറക്കത്തില്‍ നാം ഒന്നുമറിയുന്നില്ലെങ്കിലും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നാമറിയുന്നു നാം നന്നായി ഉറങ്ങിയെന്ന്. ഭക്ഷണം കഴിക്കുമ്പോള്‍ നാം അതിന്റെ സ്വാദനുഭവിക്കുന്നതുപോലെ ഉറങ്ങുമ്പോള്‍ അതിന്റെ വിശ്രാന്തി അനുഭവിക്കുന്നു അല്ലേ?ഈ അനുഭവിക്കുന്ന ഞാന്‍ ആരാണ്?എന്തുകൊണ്ടാണ് നാം നന്നായി ഉറങ്ങി എന്നു പറയുന്നത്.
നാം നന്നായി ഉറങ്ങുന്നത് ഉറക്കത്തില്‍ നാം നമ്മുടെ അഹംബോധത്തെ കൈവിടുന്നതു കൊണ്ടാണ് എന്നറിയുമോ?ഉറക്കത്തില്‍ നമുക്കാര്‍ക്കും ‘ഞാന്‍’ എന്ന ബോധമില്ല.ഉറങ്ങുന്നതുവരെ ‘ഞാന്‍, എന്റെ’ എന്നു സദാ സമയവും ചിലച്ചു കൊണ്ടിരുന്ന മനസ്സ്,നാം ഉറങ്ങുന്നതോടെ ഞാന്‍ എന്റെ എന്ന കേവല ബോധത്തെ കൈവിട്ടു ഒരു സാക്ഷി മാത്രമായിത്തീരുന്നു. ആഹഌദത്തെ അറിയാന്‍ അഹത്തെ ഇല്ലാതാക്കാന്‍ മഹാഗുരുക്കന്മാര്‍ പറയുന്നത് അതു കൊണ്ടാണ്. ഉറക്കത്തില്‍ നാം അഹത്തെ കൈവിടുമ്പോള്‍ അപരിമേയമായ ശാന്തി അനുഭവിക്കുന്നു. കാരണം, നാം എന്തില്‍ ആസക്തനാണ് എങ്കിലും ഉറക്കത്തില്‍ ,ആ ആസക്തമായ മനസിനെ നാംത്യജിക്കുകയാണ് ചെയുന്നത്. പക്ഷെ ഉറങ്ങി എഴുന്നേല്‍ക്കുന്ന നിമിഷം അതുവരെ നാം വലിച്ചെറിഞ്ഞ ‘ഞാന്‍’എന്ന ബോധം തിരികെയെത്തുന്നു. അതിന്റെ ഫലമായി എന്തുണ്ടാകുന്നു? സമര്‍ദ്ദങ്ങള്‍, ക്ലേശം, വെപ്രാളം. അല്‍പ്പനേരം നിശബ്ദമായിരുന്നു ഈ ഞാന്‍ എന്ന ഭാവത്തെ പുറത്തുകളയാന്‍ ശീലിക്കൂ. പ്രഭാതത്തില്‍ സൂര്യന്‍ ചെങ്കതിരുകള്‍ വീശി മന്ദഹസിക്കുന്നതും ശലഭങ്ങളും കിളികളും ആ ഇളം വെയിലില്‍ ആഹ്ലാദിക്കുന്നതും നീല കടലുകളിലേക്ക് പുഴയൊഴുകുന്നതും കനത്ത ഭാരങ്ങള്‍ കൊണ്ട് നിറഞ്ഞ മാവുകളും കാറ്റിലാടുന്ന ഒറ്റത്തടി വൃക്ഷങ്ങളും ഈ ഭൂമിയുടെ സന്തോഷത്തിന്റെ സാക്ഷികള്‍ ആണ് എന്ന് മനസിലാക്കൂ. പ്രപഞ്ചത്തില്‍ നോക്കിയാല്‍ ഞാനെന്ന ഭാവത്തില്‍ ദുഖിക്കുന്നത് മനുഷ്യന്‍ മാത്രമാണെന്നു അറിയാനാകും. ശ്രദ്ധിക്കൂ, നിങ്ങള്‍ എപ്പോഴെങ്കിലും ദുഖിതനായ ഒരു കുരുവിയെ കണ്ടിട്ടുണ്ടോ?അല്ലെങ്കില്‍ സങ്കടപ്പെട്ടു നില്‍ക്കുന്ന ഒരു പൂവിനെ?അല്ലെങ്കില്‍ ഒരു നദിയെ? ശലഭത്തെ?ഒരിക്കലുമില്ല അല്ലേ?.മനുഷ്യനൊഴികെ മറ്റു ഈശ്വരസൃഷ്ടികളെല്ലാം സദാ ആഹ്ലാദതിമിര്‍പ്പിലാണ്.കാരണം ഈശ്വരന്‍ അവയെ എങ്ങനെ സൃഷ്ടിച്ചോ അതുപോലെ ആയിരിക്കുന്നതില്‍ അവ ആഹ്ലാദിക്കുന്നു.
എന്താണ് എല്ലാത്തിന്റെയും കാതല്‍?അങ്ങനെ ഒന്നുണ്ടാ? സര്‍വ്വ നിഗൂഢതകളേയും അതുപോലെ ആഹ്ലാദത്തേയും അനാവൃതമാകുന്ന ഒന്ന്?എന്തൊന്നറിഞ്ഞാല്‍ പിന്നെ മറ്റൊന്നും അറിയേണ്ടതില്ലയോ അതെന്താണ്?തീര്‍ച്ചയായും അങ്ങനെ ഒന്നുണ്ട്.അതാണ് ഈശ്വരന്റെ വാത്സല്യസൃഷ്ടിയായ നിങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: