ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറിനെ കോണ്‍ഗ്രസ് നിരന്തരം അപമാനിച്ചത് വീണ്ടും ചര്‍ച്ചയായതോടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി നടത്തിയ പ്രതിഷേധനാടകം കലാശിച്ചത് അക്രമത്തില്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി നടന്ന ഭരണഘടനാ ചര്‍ച്ച കോണ്‍ഗ്രസ് അംബേദ്കറിനോട് കാണിച്ച അവഹേളനവും അപമാനവും വീണ്ടും ജനങ്ങളിലേക്ക് എത്താന്‍ കാരണമായി.
വിഷയം വീണ്ടും ചര്‍ച്ചയായതോടെ ജനശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗത്തിലെ വരികള്‍ അടര്‍ത്തിയെടുത്ത് അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയിലെ മറ്റ് കക്ഷികളും രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ പ്രതിഷേധ നാടകം അതിരുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ തന്നെ ബിജെപി എംപിമാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതോടെ വീണ്ടും മുഖം നഷ്ടപ്പെട്ട അവസ്ഥയിലായി കോണ്‍ഗ്രസ്.
രാഹുല്‍ പാര്‍ലമെന്റില്‍ ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന് ആരോപിച്ചു. പാര്‍ലമെന്റിലുണ്ടായ സംഭവങ്ങളില്‍ രാഹുലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മാപ്പ് പറയുമെന്നാണ് കരുതിയതെന്നും ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രാഹുലും ഖാര്‍ഗെയും വാര്‍ത്താസമ്മേളനം നടത്തി. ചെയ്ത തെറ്റിന് അവര്‍ മാപ്പ് പറയുമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ അവര്‍ ചെയ്തില്ല. ഒരു ഗുണ്ടയെപ്പോലെയാണ് രാഹുല്‍ പെരുമാറിയത്. രാഹുലിന്റെ അക്രമത്തില്‍ പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രാജ്പുത്ത് എന്നിവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനവാസി സമൂഹത്തില്‍ നിന്നുള്ള വനിതാ എംപി യോടുള്ള രാഹുലിന്റെ മോശം പെരുമാറ്റം കോണ്‍ഗ്രസിന്റെ അന്തസ് തകര്‍ത്തെന്നും ചൗഹാന് ആരോപിച്ചു. പരുഷവും മര്യാദയില്ലാത്തതുമായിരുന്നു രാഹുലിന്റെ പെരുമാറ്റം. സ്ത്രീകളെ പൂജിക്കുന്ന, ദേവതമാരായി കരുതുന്ന ഭാരതസംസ്കാരത്തിന് ചേര്‍ന്നതായിരുന്നില്ല രാഹുലിന്റെ പെരുമാറ്റം. രാജ്യം രാഹുലിനും കോണ്‍ഗ്രസിനും മാപ്പു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്നലെ ഇരുസഭകളും ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അക്രമത്തിനെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചതോടെ സഭ പിരിയുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും സഭ ചേരും. ഈ സമ്മേളന കാലയളവിലെ അവസാന ദിവസമാണിന്ന്. സമ്മേളനകാലത്തുടനീളം ബഹളംവെച്ച് സഭാ നടപടികള്‍ തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: