കോയമ്പത്തൂർ: 1998ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിരോധിത തീവ്രവാദ സംഘടനയായ അൽ-ഉമ്മയുടെ സ്ഥാപകൻ എസ് എ ബാഷ (84) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ പിഎസ്ജി ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം.മൂന്നു മാസങ്ങൾക്ക് പരോളിൽ ഇറങ്ങിയ ബാഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഉക്കടം റോസ് ഗാർഡനിലെ മകന്റെ വസതിയിലേക്ക് കൊണ്ടുവന്നു.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ഏതാനും മാസങ്ങൾക്ക് മുമ്പ് മദ്രാസ് ഹൈക്കോടതി ബാഷയ്ക്ക് പരോൾ അനുവദിച്ചിരുന്നു.
1998 ഫെബ്രുവരി 14-ന് കോയമ്പത്തൂരിൽ 58 പേർ കൊല്ലപ്പെടുകയും 231 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനായിരുന്നു ബാഷ. ആർ.എസ്.പുരത്ത് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു സ്ഫോടനം.
ആദ്യം കോയമ്പത്തൂർ പോലീസ് കൈകാര്യം ചെയ്ത അന്വേഷണം സിബി-സിഐഡിയുടെ പ്രത്യേക അന്വേഷണ വിഭാഗത്തിലേക്ക് മാറ്റി. കാലക്രമേണ, ബാഷ ഉൾപ്പെടെ 166 പ്രതികൾ അറസ്റ്റിലായി. നീണ്ട വിചാരണയ്ക്കൊടുവിൽ പ്രത്യേക കോടതി 158 പേരെ കുറ്റക്കാരായി വിധിക്കുകയും അവരിൽ 43 പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതിയിൽ നിരവധി പേരാണ് ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയത്.
17 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച കോടതി, സംഭവസമയത്ത് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ വിട്ടയക്കുകയും 22 പേരെ വെറുതെ വിടുകയും ചെയ്തു. വിധിക്കെതിരെ 17 പേർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വാദം നടക്കുന്നതിനിടെ ഒരാൾ മരിച്ചു. തന്റെ ശിക്ഷാവിധിയിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് ബാഷ തീരുമാനിച്ചിരുന്നു.
അതേസമയം ബാഷയുടെ മൃതദേഹം ഘോഷയാത്രയായി മസ്ജിദിലേയ്ക്ക് കൊണ്ടുപോകാനാണ് നീക്കം. ഘോഷയാത്രയുടെ പാതയിൽ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് സൂചന .
പ്രതികരിക്കാൻ ഇവിടെ എഴുതുക: