തിരുവനന്തപുരം: വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഐഎഫ്എഫ്കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷന്‍ ട്രെന്‍ഡുകളും. വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളില്‍നിന്നു ഫാഷന്റെ മാറുന്ന മുഖങ്ങള്‍ കണ്ടെത്താനാകും. പതിവുരീതികളില്‍നിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരില്‍ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന ഒരു ഉപാധി കൂടിയാണ് അവര്‍ക്കു ഫാഷന്‍.
േമളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കാഞ്ചി എന്ന സ്റ്റാളിന്റെ ഉടമയായ തിരുവനന്തുപുരത്തുനിന്നുള്ള നിമിഷക്ക് അവനവനിണങ്ങുന്നതാണ് ഫാഷന്‍. കാഞ്ചീപുരം സാരി വില്ക്കാന് ഉദ്ദേശിച്ചിരുന്ന നിമിഷക്ക് ഐഎഫ്എഫ്കെ അതിനുതകുന്ന വേദി ആയിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ആദ്യദിനം തന്നെ സാരി ആണ് ഏറ്റവുമധികം വിറ്റഴിഞ്ഞതെന്നത് അത്ഭുതമായിരുന്നു.
ഐഎഫ്എഫ്കെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും ഉതകുന്ന വേദിയായി മാറുന്നതായി കോഴിക്കോടുനിന്നുള്ള മോഡലിംഗ് സ്ഥാപനം നടത്തുന്ന റിയ പറയുന്നു. മേളയില്‍ പങ്കെടുക്കാനെത്തിയ വിദേശികളായ മൂന്നംഗസംഘത്തെ അദ്ഭുതപ്പെടുത്തിയത് ബോളിവുഡ് ഫാഷന്‍ ഇവിടെ കാണാനായി എന്നതാണ്. വളരെ ലളിതമായി വസ്ത്രം ധരിക്കുന്നതുകൊണ്ടു വിചിത്രമായ പല വസ്ത്രധാരണ രീതികളും അവരില്‍ അത്ഭുതമുണ്ടാക്കിയെന്നും പറഞ്ഞു.
ഐഎഫ്എഫ്കെയിലെത്തിയ മാധ്യമപ്രവര്‍ത്തകരായ നന്ദനക്കും ആലിയക്കും തന്റേതായ വ്യക്തിത്വം ഫാഷനിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. സാധാരണ രീതിയിലുള്ള വസ്ത്രധാരണമാണ് ആലിയക്ക് ഇഷ്ടമെങ്കില്‍ കൂട്ടുകാരി നന്ദനക്കാകട്ടെ വസ്ത്രധാരണത്തില്‍ പുതിയ പരീക്ഷങ്ങള്‍ നടത്താനാണ് ഇഷ്ടം. ഫോട്ടോഗ്രാഫറായ കിഷോറിന് കഴിഞ്ഞ വര്‍ഷത്തെ ഫാഷനുകള്‍ കൂടുതല്‍ വ്യത്യസ്തമായി തോന്നുന്നതായി അഭിപ്രായമുണ്ട്. ഐഎഫ്എഫ്കെയുടെ ഫാഷന്‍ വര്‍ണങ്ങള്‍ ക്യാമറക്കണ്ണുകള്‍ക്ക് ആനന്ദമാണെന്നും കിഷോറിന്റെ അഭിപ്രായം.
ഐഎഫ്എഫ്കെ വൈബ് വസ്ത്രങ്ങള്‍ എന്ന ഒരു വിഭാഗം തന്നെ യുവത്വത്തിനിടയില്‍ ഉടലെടുത്തുവരുന്നതായി മേളയില്‍ പതിവായി ഡെലിഗേറ്റുകളായെത്തുന്ന സിദ്ധാര്‍ഥ്, അജില്‍, അനുശ്രീ, അനീഷ എന്നിവര്‍ അഭിപ്രായപ്പെട്ടു. നിറക്കൂട്ടുകളിലും വസ്ത്ര വൈവിധ്യങ്ങളിലും ആഭരണങ്ങളിലും സ്വത്വവും സ്വാത്രന്ത്യവും പ്രഖ്യാപിക്കുന്ന ഇടമായി ഓരോ കേരള രാജ്യാന്തര ചലച്ചിത്രമേളയും മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: