വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഓടിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
പ്രതികൾ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. കാർ ഓടിച്ചത് കണിയാമ്പറ്റ സ്വദേശി ഹർഷിദ് എന്നയാളാണ്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മാനന്തവാടി പുല്പള്ളി റോഡില്‍ സംഭവം നടന്നത്. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിന് നിർദേശം നൽകി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അറിയിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആദിവാസി യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. മാതന് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാനും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: