കൊച്ചി: സഹകരണ മേഖലയിലെ അവിശുദ്ധ കാര്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്ന ചില്ലിക്കാശു പോലും സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടന്നത്. മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളസമൂഹത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ത്താല്‍ മാത്രമേ കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യവും സമാധാനവും തൊഴിലാളിവര്‍ഗ്ഗ കാഴ്ചപ്പാടുമെല്ലാം ഇല്ലാതാക്കാന്‍ കഴിയൂവെന്ന് ചില ഛിദ്രശക്തികള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ സഹകരണ മേഖലയ്ക്കെതിരെ വലിയ തോതിലുള്ള ആക്രമണം നടക്കുന്നത്. – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയില്‍ രണ്ടര ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഈ സഹകരണ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ട് ഈ പണമെല്ലാം വാണിജ്യ ബാങ്കുകളുടെ കൈകളിലെത്തിച്ചാല്‍ അവ കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം നല്‍കാനാകുമെന്ന ചിലരുടെ കുത്സിത ചിന്ത കൂടിയാണ് സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ പ്രചാരണത്തിനു പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: