കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ വാര്‍ഷിക സമ്മേളനം കൊച്ചി ഹോട്ടല്‍ മാരിയറ്റില്‍ ആരംഭിച്ചു. ഹൃദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ സംസ്ഥാന സംഘടനയാണിത്. ഐസിസികെ പ്രസിഡന്റ് ഡോ. ആശിഷ് കുമാര്‍ എം. ഉദ്ഘാടനം നിര്‍വഹിച്ചു.
ഹൃദ്രോഗ ചികിത്സയില്‍ നടന്ന ഏറ്റവും വലിയ ശാസ്ത്ര വിപ്ലവമാണ് ആധുനിക കത്തീറ്റര്‍ അധിഷ്ഠിത സാങ്കേതിക വിദ്യകളെന്ന് ഡോ. ആശിഷ്കുമാര്‍ പറഞ്ഞു.
നേര്‍ത്ത ട്യൂബുകള്‍ (കത്തീറ്റര്‍) രക്തക്കുഴല്‍ വഴി കടത്തിവിട്ട് ഹൃദയത്തിലെത്തിച്ച് നടത്തുന്ന ആന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്റ് ഉറപ്പിക്കല്‍, മഹാധമനിയുടെ വാല്‍വ് റീപ്ലേസ്മെന്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ കീറിമുറിച്ചുള്ള പരമ്പരാഗത ശസ്ത്രക്രിയകള്‍ക്ക് വിരാമമിട്ടതായി അദ്ദേഹം പറഞ്ഞു.
ഹൃദയപേശികള്‍ക്ക് രക്തമെത്തിക്കുന്ന കൊറോണറി ആര്‍ട്ടറികളുടെ ആന്തരിക മൈക്രോസ്കോപ്പ് ചിത്രീകരണം സാധ്യമാക്കുന്നതാണ് ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി (ഒസിടി) എന്ന സാങ്കേതിക വിദ്യ. രോഗനിര്‍ണയത്തിലും ചികിത്സയിലും കൃത്യത കൈവരുത്തി അത്ഭുതം സൃഷ്ടിച്ച സാങ്കേതികവിദ്യയാണിത്, അദ്ദേഹം പറഞ്ഞു. ഐസിസികെ വൈസ് പ്രസിഡന്റ് ഡോ. മധു ശ്രീധരന് സെക്രട്ടറി ഡോ. രമേഷ് നടരാജന്, ഡോ. രഞ്ജുകുമാര്‍ ബി.സി., ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. രാജേഷ് ടി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ ഡ്രില്‍ ചെയ്ത് നീക്കുന്ന ശാസ്ത്രക്രിയകള്‍, സ്റ്റെമി മാനേജ്മെന്റ്, രക്തം കട്ടപിടിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍, നൂതന സ്റ്റെന്റുകള്‍, നെഞ്ച് തുറക്കാതെ തന്നെ കേടായ ഹൃദയ വാല്‍വ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍, ലെഡ്ലെസ് പേസ്മേക്കര്‍ സാങ്കേതികവിദ്യ, ഹൃദ്രോഗ നിര്‍ണയത്തിനും ഇന്റര്‍വെന്‍ഷന്‍ ശസ്ത്രക്രിയക്കും ആവശ്യമായ കൊറോണറി ഇമേജിങ്ങ് സാങ്കേതിക വിദ്യകള്‍, ബ്ലോക്കുകളുടെ കാഠിന്യം നിശ്ചയിക്കുന്ന ഫിസിയോളജി സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം സമ്മേളന വേദികളില്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: