പ്രയാഗ്‌രാജ്: 45 കോടി തീര്‍ത്ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന മഹാകുംഭമേള പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ രാജ്യമൊട്ടാകെ ഏക് ഥൈലാ ഏക് ഥാലി അഭിയാന്‍. വീടുകള്‍ തോറും കയറിയിറങ്ങി ഒരു തുണിസഞ്ചിയും ഒരു സ്റ്റീല്‍ പ്ലേറ്റും സമാഹരിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
ഹരിത കുംഭ എന്നതാണ് ഉന്നംവയ്‌ക്കുന്നത്, കുംഭമേളാപുരി ശുചീകരിക്കാന്‍ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിക്കും. ഒരു പാത്രം ഒരു സഞ്ചി കാമ്പയിനില്‍ സമൂഹത്തിലെ എല്ലാ സംഘടനകളെയും പങ്കാളികളാക്കും. പര്യാവരണ്‍ ഗതിവിധി പ്രവര്‍ത്തകരാണ് കാമ്പയിന് രാജ്യമൊട്ടാകെ നേതൃത്വം നല്കുന്നത്.
ജയ്പൂരില്‍ കാമ്പയിന് തുടക്കം കുറിച്ച് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെയും ഖൈത്താന്‍ പോളിടെക്നിക്കിലെയും ജീവനക്കാര്‍ 100 തുണിസഞ്ചികളും പ്ലേറ്റുകളും ശേഖരിച്ചു. ഗോവിന്ദദേവ്ജി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ മഹന്ത് അഞ്ജന്‍ കുമാര്‍ ഗോസ്വാമി, മാനസ് ഗോസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിന് തുടക്കംകുറിച്ചത്.
മീററ്റില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കാമ്പയിനില്‍ പങ്കാളിയായി. 10,000 പാത്രങ്ങളാണ് അവര്‍ സംഭാവന ചെയ്തത്. ചിത്തോര്‍ഗഡിലെ ഗ്രോസറി ട്രേഡ് അസോസിയേഷന്‍ 101 ബാഗുകളും പ്ലേറ്റുകളും സമ്മാനിച്ചു. കുംഭമേളയ്‌ക്ക് പോകുന്നവര്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണമെന്ന് വ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് ഓം പ്രകാശ് ലദ്ദ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: