ചാത്തന്നൂര്‍: സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ പട്ടികജാതി കുടുംബങ്ങളുടെ വീട്ടില്‍ പോലീസ് അതിക്രമം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി കുടുംബം. ചാത്തന്നൂര്‍ കോയിപ്പാട് വാര്‍ഡില്‍ കുറുങ്ങല്‍ ഏലായ്‌ക്ക് സമീപം പാറയില്‍ പുത്തന്‍വീട്ടില്‍ പത്മരാജന്റെ വീട്ടിലാണ് അതിക്രമം നടന്നത്.
കഴിഞ്ഞ 10ന് വൈകിട്ട് 5.30 ഓടെ എത്തിയ മൂന്നുപേരടങ്ങുന്ന പോലീസ് സംഘം ഭിന്നശേഷിക്കാരനായ വയോധികനും അമ്മയും താമസിക്കുന്ന വീട്ടില്‍ കയറി പരിശോധന നടത്തിയ ശേഷം വീട് മാറിപോയതായി കണ്ടതോടെ സമീപത്തുള്ള പത്മരാജന്റെ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കയറി സാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ജാതിപ്പേര് വിളിക്കുകയും സ്ത്രീകളെ ആക്ഷേപിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് പത്മരാജന്റെ ഭാര്യ അമ്പിളി പറഞ്ഞു.
സംഭവമറിഞ്ഞ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും എത്തിയതോടെ പോലീസ് സംഘം തിരികെ പോയിരുന്നു. പത്മരാജന്റെ മക്കളോടുള്ള വിരോധമാണ് വ്യാജപരാതിക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിക്രമം നടത്തിയ പോലീസുകാര്‍ക്ക് എതിരെ നിയമനടപടി സ്വീകരണമെന്നും കള്ളപരാതി നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
സിപിഎം പാര്‍ട്ടി കുടുംബം വഴിമാറി ചിന്തിച്ചതിന്റെ പകപോക്കലാണ് പോലീസിനെ ഉപയോഗിച്ച് നടത്തിയ വ്യാജ തെരച്ചിലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: