ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിട്ട് കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഇന്‍ഡി സഖ്യം സമ്പൂര്‍ണ തകര്‍ച്ചയിലേക്കെന്ന് സൂചനകള്‍. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിതര പ്രതിപക്ഷ മുന്നണി സജീവമാക്കാനുള്ള നീക്കം ഇന്‍ഡി സഖ്യത്തിലെ ഘടകകക്ഷികള്‍ ശക്തമാക്കി. കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നേതൃത്വത്തിനെതിരെ പരസ്യമായ പോരിലേക്ക് ഇന്‍ഡി സഖ്യകക്ഷികള്‍ മാറിയതിന് പിന്നിലെ കാരണവും ഇതുതന്നെ.
ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റൊരു കൂട്ടായ്മയ്ക്ക് നേതൃത്വം നല്കാന് മമതാ ബാനര്‍ജി തയാറാണെന്ന് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു. ദല്‍ഹിയിലെ പദവിയില്‍ മമതയ്ക്ക് താല്പര്യമില്ലെന്ന് അവര്‍ തന്നെ അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ പരാജയം ലക്ഷ്യമിട്ടുള്ള മറ്റൊരു സഖ്യമാണ് മമതയുടെ താല്പര്യം. ഇന്‍ഡി സഖ്യത്തിനുള്ളിലാണെങ്കിലും ബംഗാളില്‍ തൃണമൂലാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ ജെഎംഎം ആണ് ബിജെപിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം വഹിച്ച ഹരിയാനയിലും മഹാരാഷ്ട്രയിലും തോല്‍ക്കുകയും ചെയ്തു, കുനാല്‍ ഘോഷ് പരിഹസിച്ചു. ഈ സാഹചര്യത്തിലാണ് ഇന്‍ഡി സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ മമതയെ നേതൃത്വത്തിലേക്ക് നിര്‍ദേശിക്കുന്നതെന്നും തൃണമൂല്‍ നേതാവ് പറയുന്നു.
ഇന്‍ഡി സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് തന്നെ പിന്തുണച്ച കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് മമതാ ബാനര്‍ജി നന്ദി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തനിക്കുള്ള ബഹുമതിയായി കാണുന്നു. എല്ലാവര്ക്കും ആയുരാരോഗ്യം നേരുന്നതായും അവര്‍ ആരോഗ്യത്തോടെ ഇരുന്നാല്‍ അവരുടെ പാര്‍ട്ടികളും നന്നായിരിക്കുമെന്നും മമത പറഞ്ഞു. പൂര്‍വ മേദിനിപ്പൂരിലെ ചടങ്ങില്‍ സംസാരിക്കവെയാണ് മമത നിലപാട് വ്യക്തമാക്കിയത്. എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവര്‍ മമത നേതൃത്വം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കുന്നു.
അഖിലേഷ് യാദവും സമാന നിലപാടിലാണെങ്കിലും പരസ്യ പ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല. ആന്ധ്രയില്‍ നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മമതാ ബാനര്‍ജിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നതായി പ്രസ്താവിച്ചിട്ടുണ്ട്. വൈഎസ്ആര്‍ രാജ്യസഭാംഗം വിജയസായ് റെഡ്ഡിയാണ് മമതയെ പിന്തുണച്ച് രംഗത്തെത്തിയത്. സമാജ്വാദി പാര്‍ട്ടിയുടെ രാംഗോപാല്‍ യാദവും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തും കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ നേതൃത്വത്തെപ്പറ്റി പ്രസ്താവനകള്‍ നടത്തിക്കഴിഞ്ഞു.
അതേസമയം തമിഴ്നാട്ടില്‍ മമതയേയും പാര്‍ട്ടിയേയും ആര്‍ക്കും അറിയില്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന് പറഞ്ഞു. ഇന്‍ഡി സഖ്യത്തിന്റെ നേതൃപദവിയില്‍ മമത താത്പര്യം പ്രകടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡി സഖ്യത്തെ ആര് ഭരിക്കണമെന്ന് സഖ്യകക്ഷികളില്‍ ഒരാള്‍ക്ക് തീരുമാനമെടുക്കാനാകില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. ടിഎംസിയുടെ അവസ്ഥ അങ്ങനെയല്ല. എന്റെ പിന്തുണ കോണ്‍ഗ്രസിനാണ്, ഇളങ്കോവന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: