കൊച്ചി: വൈദ്യുതിനിരക്ക് കുത്തനെ കൂട്ടിയതിനു പിന്നാലെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് നല്കുന്ന ജലത്തിനുള്ള നിരക്കും ഇരട്ടിയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
സര്‍ക്കാരിന്റെ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കൂട്ടുന്നതെന്ന്അഡീഷണല് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നദികള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് കാര്‍ഷികേതര/ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ജലമെടുക്കുന്നതിന് നിലവില്‍ കിലോലിറ്ററിന് 10 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 20 രൂപയാക്കി വര്‍ധിപ്പിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോ. 15 ന് ചീഫ് എഞ്ചിനീയര്‍ (ജലസേചനവും ഭരണവും) നല്കിയ സിഇഐഎ/3103/2023- പിഎല്‍5 നമ്പര്‍ കത്തിലെ ശുപാര്‍ശ പ്രകാരമാണ് കേരള വാട്ടര്‍ കണ്‍സര്‍വേഷന്‍ റൂള്‍സിലെ ഷെഡ്യൂള്‍ 2 ലെ 19 ല്‍ പ്രതിപാദിച്ചിരിക്കുന്ന സ്ലാബുകള്‍ക്ക് വിധേയമായി നിരക്ക് കൂട്ടിയിരിക്കുന്നതെന്ന് നവംബര്‍ 7ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
വ്യവസായ സ്ഥാപനങ്ങള്‍, വലിയ ആശുപത്രികള്‍ തുടങ്ങിയവയെ എല്ലാം പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. പ്രത്യക്ഷത്തില്‍ സാധാരണക്കാരെ ബാധിക്കില്ലെന്ന് തോന്നുമെങ്കിലും നിരക്ക് വര്‍ധനയുടെ ആത്യന്തിക ഫലം വിവിധ സേവനങ്ങളുടെയും ഉല്പന്നങ്ങളുടെയും വിലക്കയറ്റത്തിന്റെ രൂപത്തില്‍ അവരില്‍ തന്നെ എത്തുമെന്ന് ഉറപ്പാണ്. വൈദ്യുതി വകുപ്പിലേതു പോലെ റെഗുലേറ്ററി അതോറിറ്റിയൊന്നും ജലവിഭവ വകുപ്പില്‍ ഇല്ല. ബന്ധപ്പെട്ട എഞ്ചിനീയര്‍മാരോട് റിക്വസ്റ്റ് ചോദിച്ചുവാങ്ങി നിരക്ക് വര്‍ധന നേരിട്ട് നടപ്പാക്കുകയാണ് റോഷി അഗസ്റ്റിന് മന്ത്രിയായ ജലവിഭവവകുപ്പ് ചെയ്യുന്നത്. ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളം എടുക്കുന്നതിനുള്ള അനുമതിയുടെ പേരില്‍ മാത്രമാണ് സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക പിരിച്ചെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതെല്ലാം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്വന്തം ചെലവിലാണ് നടത്തുന്നത്.
അതേസമയം, ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന പണം നദീ തീരങ്ങളും ജനസ്രോതസുകളും മറ്റും സംരക്ഷിക്കാന്‍ ഉപയോഗിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് വകമാറ്റി ചെലഴിക്കുകയാണെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: