മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം. സ്വർണമാലകൾ, പഴ്സുകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുടെ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് രംഗത്തെ പ്രമുഖരുമുൾപ്പെടെ ഒട്ടേറെ വിഐപികൾ പങ്കെടുത്ത ചടങ്ങിലായിരുന്നു മോഷണം.
ഡിസംബർ അഞ്ചിനാണ് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തിൽ മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നാലായിരത്തോളം പോലീസുകാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്. ചടങ്ങിനുശേഷം വേദിയിലെ രണ്ടാം നമ്പർ ഗേറ്റിലൂടെ ജനങ്ങൾ പുറത്തേയ്ക്ക് കടക്കുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് പോലീസ് പറയുന്നത്. മോഷ്ടാക്കളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: