തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പി.എം-ശ്രീ സ്കൂൾ’ പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ.സിപിഐ മന്ത്രിമാരുടെ ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് ‘പി.എം-ശ്രീ സ്കൂൾ’ പദ്ധതി കേരളം ഒഴിവാക്കുന്നത്. ‘ പി.എം-ശ്രീ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതോടെയാണ് ‘പി.എം-ശ്രീ സ്കൂൾ’ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പായത്.
ഇതോടെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരുമായി തർക്കം കൂടുതൽ രൂക്ഷമാകും.‘പി.എം-ശ്രീ സ്കൂൾ’ പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) നടപ്പാക്കേണ്ടിവരുമെന്ന് സിപിഐ ആരോപിച്ചു.
ഇതിനൊപ്പം ഒരോ ബ്ലോക്കിലെയും രണ്ട് സ്കൂളുകൾ വീതം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാകും എന്നതും പ്രധാന പ്രശ്നമായി സിപിഐ ആരോപിച്ചതോടെയാണ് പി.എം-ശ്രീ സ്കൂൾ കേരളത്തിൽ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.വിദ്യാഭ്യാസത്തിൽ സ്വകാര്യവത്കരണവും വർഗീയവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് എൻ.ഇ.പി.യെന്നാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവിമർശനം.
പി.എം-ശ്രീ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ വിവിധ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസപദ്ധതികൾ നടപ്പാക്കുന്ന സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ.)ത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. കേരളം ധാരണാപത്രം ഒപ്പിടാത്തതിനാൽ ഈവർഷം എസ്.എസ്.കെ.ക്കു കിട്ടേണ്ട 513 കോടിരൂപയും കഴിഞ്ഞവർഷത്തെ 153 കോടി രൂപയും കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. ഇതോടെ കേന്ദ്രസഹായം നഷ്ടപ്പെടാതിരിക്കാൻ പി.എം-ശ്രീ നടപ്പാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറായി.
എന്നാൽ സി.പി.ഐ. എതിർത്തതോടെ നയപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലുള്ള തർക്കം കണക്കിലെടുത്ത്, പി.എം-ശ്രീ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. പദ്ധതിയിൽ സംസ്ഥാനം 40 ശതമാനം തുക ചെലവഴിക്കണമെന്നിരിക്കേ, കേന്ദ്രസമ്മർദത്തിനു വഴങ്ങുന്നതും ചോദ്യംചെയ്യപ്പെട്ടിരുന്നു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നപേരിൽ 2023-27 വർഷത്തേക്കുള്ള കേന്ദ്രപദ്ധതിയാണ് പി.എം-ശ്രീ പദ്ധതി. ഒരു ബ്ലോക്കിൽ ബി.ആർ.സി.ക്കുകീഴിലെ രണ്ടു സ്കൂൾകേന്ദ്രം തിരഞ്ഞെടുക്കും. എൻ.ഇ.പി.യും കേന്ദ്രസിലബസുമാണ് ഈ സ്കൂളുകളിൽ നടപ്പാക്കുക. എൻ.ഇ.പി.യുടെ പുരോഗതി ഈ സ്കൂളിൽ പ്രദർശിപ്പിക്കണം. പ്രധാനമന്ത്രിയുടെ ചിത്രം സഹിതം പി.എം-ശ്രീ സ്കൂൾ എന്ന ബോർഡും പ്രദർശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: