ന്യൂദല്‍ഹി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ഇക്കാര്യം കോടതിയോടാവശ്യപ്പെടുമെന്നും ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരുമെന്നും അന്‍വര്‍ പറഞ്ഞു.
പി. ശശിയുടെ ദുരൂഹ ഇടപാടുകള്‍ നവീന്‍ ബാബുവിന് അറിയാമായിരുന്നു. ശശിയുടെ സമ്മര്‍ദത്തെ കുറിച്ച് നവീന്‍ ബാബു കുടുംബത്തെ അറിയിച്ചിരുന്നു.ശശിയുടെ ഇടപെടല്‍ കാരണം ജോലി ചെയ്യാന്‍ നവീന്‍ബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും തിരിമറിയുണ്ടായെന്ന് പി.വി. അന്‍വര്‍ ആരോപിച്ചു.കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ സര്‍വത്ര ദുരൂഹതയാണ്.മൃതദേഹത്തിന്റെ ഹൃദയവാല്‍വിന് ഒരു കുഴപ്പവുമില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി.
മൂത്രസഞ്ചി ശൂന്യമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്നും പറയുന്നു.0.5 സെന്റീമീറ്റര്‍ ഡയമീറ്ററുളള കയറില്‍ തൂങ്ങി മരിച്ചെന്ന് പറയുന്നത് തന്നെ അസ്വാഭാവികമാണ്. കയര്‍ മൊബൈല്‍ ചാര്‍ജറിനേക്കാള്‍ ചെറിയ വ്യാസമുള്ളതാണെന്നാണ് ഇതിന്റെ അര്‍ത്ഥം. 55 കിലോ ഭാരമുള്ള മനുഷ്യന് ഈ ചെറിയ വ്യാസമുള്ള കയറില്‍ തൂങ്ങി മരിക്കുന്നത് എങ്ങനെയെന്നും അന്‍വര്‍ ചോദിച്ചു.
അതേസമയം, നവീന്‍ ബാബുവുമായി ജീവിതത്തില്‍ ഒരിക്കല്‍പ്പോലും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ലെന്ന് പി. ശശി പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ശശിക്ക് പങ്കുണ്ടെന്ന പി.വി. അന്‍വറിന്റെ ആരോപണത്തിനു പിന്നാലെയാണ് ശശിയുടെ പ്രതികരണം.
തനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി പി.വി. അന്‍വര്‍ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം തന്നെ എം എല്‍ എ നടത്തിയ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ശശി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: