തിരുവല്ല: മുതിര്‍ന്ന അഭിഭാഷകനും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി-72) അന്തരിച്ചു. മല്ലപ്പള്ളി കീഴ്വായ്പൂര് പയറ്റുകാലായില്‍ കുടുംബാംഗമാണ്. ഭൗതികശരീരം ഇന്ന് വൈകിട്ട് 4 ന് വള്ളംകുളത്തെ വസതിയില്‍ എത്തിക്കും. തിങ്കളാഴ്ച രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 9.30ന് എസ്സിഎസ് വളപ്പിലെ സെ. തോമസ് മാര്‍ത്തോമാ പള്ളിയില്‍ പൊതുദര്‍ശനം. 11.30 ന് സംസ്കാര ശുശ്രൂഷ ആരംഭിക്കും.
ഭാര്യ: മേപ്രാല്‍ പൂതികോട്ട് പുത്തന്‍പുരയ്ക്കല്‍ അഡ്വ. റേച്ചല്‍ പി. മാത്യു. മക്കള്‍: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകന്), രശ്മി ആന്‍ തോമസ് (അസാപ്, കേരള), ആനന്ദ് മാത്യു തോമസ് (ഫോട്ടോഗ്രാഫര്‍, കൊച്ചി). മരുമക്കള്‍: ചേന്നങ്കരി വാഴക്കാട് ദീപക് അലക്സാണ്ടര്‍, ആനിക്കാട് കൊച്ചുവടക്കേല്‍ പ്രീതി സാറാ ജോണ്‍ (ഫെഡറല്‍ ബാങ്ക്, കുരിശുംമൂട് ബ്രാഞ്ച്, ചങ്ങനാശ്ശേരി).
കെപിസിസി അംഗം, മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തിരുവല്ല ബാര്‍ അസോസിയേഷന് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വായ്പൂര് ഡിവിഷന് മുന്‍ അംഗം, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം, തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബ് പ്രസിഡന്റ്, തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക്, തിരുവല്ല കാര്‍ഷിക വികസന ബാങ്ക്, മല്ലപ്പള്ളി ഹൗസിങ് സൊസൈറ്റി എന്നിവിടങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
സാമൂഹ്യസേവന സംഘടനയായ സണ്‍ ഇന്ത്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കേരള വിദ്യാര്‍ത്ഥി യൂണിയനിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ തോമസ് മാത്യു ആലുവ യുസി കോളേജ്, തുരുത്തിക്കാട് ബിഎഎം കോളജ് എന്നിവിടങ്ങളില്‍ യൂണിയന് ചെയര്‍മാനായിരുന്നു. നിയമകാര്യം ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: