പ്രയാഗ്രാജ് : പ്രയാഗ് രാജിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ രംഗോലി. ആഗോളതലത്തിൽ ‘സ്വച്ഛ് കുംഭ്’ എന്ന പ്രമേയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണിത് . പരിപാടിയിൽ 50,000 സ്ത്രീകളും പെൺകുട്ടികളും പങ്കെടുക്കും. പ്രകൃതിദത്തമായ നിറങ്ങൾ, പൂവിതളുകൾ, മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന കൂറ്റൻ രംഗോലി, ത്രിവേണി സംഗമത്തിന്റെ ഘാട്ടുകൾ, തീർത്ഥാടകർ, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഐതിഹാസിക ദൃശ്യങ്ങൾ ചിത്രീകരിക്കും
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ലണ്ടനിലുള്ള സംഘം രംഗോലി പരിശോധിക്കാനെത്തും. തുടർന്നാകും ലോകറെക്കോർഡ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ശുചിത്വമുള്ള, പ്ലാസ്റ്റിക് രഹിതമായ മഹാ കുംഭമേള എന്ന സന്ദേശമാണ് ഈ ആഘോഷത്തിലൂടെ നൽകുന്നതെന്ന് പ്രയാഗ്രാജ് മേയർ പറഞ്ഞു.
നാല് ലോക റെക്കോർഡുകൾ സ്ഥാപിക്കാനാണ് ഇത്തവണത്തെ കുംഭമേള ലക്ഷ്യമിടുന്നത്. 15,000 ആളുകൾ ചേർന്ന് ഒരേസമയം വിവിധ സ്ഥലങ്ങളിലെ നിലം തുടച്ച് വൃത്തിയാക്കൽ, ഒരേസമയം 1000 ഇലക്ട്രോണിക് റിക്ഷകളുടെ പരേഡ്, 10,000 പേർ പങ്കെടുക്കുന്ന ഹാൻഡ്പ്രിൻ്റ് പെയിൻ്റിംഗ്, 300 പേർ പങ്കെടുക്കുന്ന നദി ശുചീകരണ പരിപാടി എന്നിവയാണ് റെക്കോർഡ് ലക്ഷ്യം വയ്ക്കുന്നത്.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള പ്രശസ്ത കലാകാരിയായ ശിഖയാണ് രംഗോലി രൂപകൽപന ചെയ്തിരിക്കുന്നത്. -2023-ലെ ദീപാവലിക്ക് സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 14,000 ചതുരശ്ര അടി രംഗോലി നിർമ്മിച്ചതുൾപ്പെടെ 13 അന്താരാഷ്ട്ര റെക്കോർഡുകൾ ശിഖയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: