തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ ഇന്ന് പുറത്തുവിടില്ലെന്ന് വിവരാവകാശ കമ്മിഷൻ. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ പുതിയ പരാതി ലഭിച്ചുവെന്നും അത് പരിശോധിച്ച ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും കമ്മിഷൻ അറിയിച്ചു. ആരാണ് പരാതിക്കാരനെന്ന് കമ്മിഷനെ സമീപിച്ച മാധ്യമപ്രവർത്തകനോട് കമ്മിഷൻ വെളിപ്പെടുത്തിയിട്ടില്ല.
സര്‍ക്കാര്‍ പുറത്തുവിടരുതെന്ന് നിര്‍ദേശിച്ച 49 മുതല്‍ 53 വരെയുള്ള പേജുകളിലെ വിവരങ്ങളാണ് ഇന്ന് പുറത്തുവിടുമെന്ന് വിവരാവകശ കമ്മിഷൻ അറിയിച്ചിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ മുന്നോട്ട് വെച്ച ഉപാധി. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. എന്നാല്‍, ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും അതില്‍ ഹിയറിങ് നടക്കുകയും ചെയ്തിരുന്നു.
പേജുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ പോലും ആശയ കുഴപ്പം ഉണ്ടായിരുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച മറ്റൊരു പ്രധാന കാര്യം. വ്യക്തിപരമായ വിവരങ്ങള്‍ ഉള്ളതിനാലാണ് ഈ പേജുകള്‍ പുറത്തുവിടാത്തതെന്നും പട്ടിക തയാറാക്കിയതില്‍ പിഴവുണ്ടായിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
നീക്കം ചെയ്ത പേജുകള്‍ പുറത്തുവരേണ്ടതുണ്ടെന്നായിരുന്നു ഹിയറിങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനം. ഇക്കാര്യത്തിലാണ് ഇന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നത്.. ഇതിനൊപ്പം അപേക്ഷ നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്‍ നല്‍കിയേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: