തിരുവല്ല: കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവിലയില്‍ വരുത്തിയ ഒരു രൂപ പതിനേഴു പൈസയുടെ വര്‍ധനവ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷവും കേരളത്തിലെ കര്‍ഷകരെ വഞ്ചിച്ചതായി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്. കേന്ദ്രം താങ്ങുവില വര്‍ധിപ്പിക്കുന്നതിനനുസരിച്ച് മൂന്നു വര്‍ഷമായി പിണറായി സര്‍ക്കാര്‍ സംസ്ഥാന വിഹിതം വെട്ടിക്കുറച്ച് കര്ഷകന് ന്യായവില നിഷേധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ 2021-22 ല്‍ സപ്ലൈകോ കേന്ദ്ര വിഹിതമായ 19.40 രൂപയും സംസ്ഥാന വിഹിതമായ 8.60 രൂപയും ചേര്‍ത്ത് 28 രൂപയാണ് കര്ഷകന് നല്‍കിയിരുന്നത്. ഇതിനിടയില്‍ കേന്ദ്ര വിഹിതം 3.60 രൂപ വര്‍ധിപ്പിച്ച് ഇപ്പോള്‍ 23 രൂപയാണ് കര്ഷകന് നല്‍കുന്നത്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ആകട്ടെ ഇതിനകം സംസ്ഥാന വിഹിതത്തില്‍ 3.40 രൂപയുടെ കുറവ് വരുത്തുകയാണ് ചെയ്തത്.
ഇപ്പോള്‍ സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നത് കേന്ദ്ര വിഹിതമായ 23 രൂപയും സംസ്ഥാന വിഹിതമായ 5.20 രൂപയും ചേര്‍ത്ത് 28.20 രൂപക്ക് ആണ്. സംസ്ഥാന വിഹിതത്തില്‍ വരുത്തിയ ഗണ്യമായ കുറവാണ് കേരളത്തില്‍ നെല്ലിന് കിലോയ്ക്ക് 32 രൂപ ലഭിക്കേണ്ട സാഹചര്യം ഇല്ലാതാക്കിയത്. സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ നെല്ല് കിലോയ്ക്ക് 33 രൂപ എങ്കിലും കിട്ടിയാലേ കൃഷി ലാഭകരമാവൂ.
സംഭരണ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ നെല്ലിന്റെ വില കര്ഷകന് കൊടുക്കണം എന്ന കേന്ദ്ര നിബന്ധനയും സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നില്ല. കേരളത്തില്‍ നെല്‍കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിലപാടിനെതിരെ കര്‍ഷക മോര്‍ച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷാജി രാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: