ജമ്മു : ജമ്മു മേഖലയുടെ വിവിധ ഭാഗങ്ങളിൽ നുഴഞ്ഞുകയറിയ ശേഷം അനധികൃതമായി താമസമാക്കിയ മ്യാൻമറികൾക്ക്പിന്തുണ നൽകുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർശന പരിശോധനകളുമായി ജമ്മു കശ്മീർ പോലീസ്. ഇവർക്ക് വേണ്ട താമസ സൗകര്യം, സാധന സാമഗ്രികൾ തുടങ്ങി സഹായം നൽകുന്ന എല്ലാവരെയും പിടികൂടി ജമ്മുവിലെ റോഹിങ്ക്യകളുടെ മുഴുവൻ പിന്തുണ കേന്ദ്രത്തിനെതിരെയും കർശന നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാനമായും പശ്ചിമ ബംഗാൾ, അസം എന്നിവയിലൂടെയാണ് റോഹിങ്ക്യകൾ രാജ്യത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിൽ ഒരു വലിയ ശതമാനം ജമ്മു കശ്മീരിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ റോഹിങ്ക്യകളുടെ ഒരു സെൻസസ് പോലീസും ഇൻ്റലിജൻസ് ഏജൻസികളും ചേർന്ന് നടത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജമ്മു ജില്ലയിൽ ഏകദേശം 6500 റോഹിങ്ക്യകളുണ്ടെന്നാണ് കണക്ക്. പ്രധാനമായും നർവാൾ ഭട്ടിണ്ടി, റെയിൽവേ സ്റ്റേഷൻ, ഖാസിം നഗർ, ചന്നി രാമ മുതലായ പ്രദേശങ്ങളിൽ ഇവർ തമ്പടിച്ചിരിക്കാമെന്നാണ് പോലീസ് ഭാഷ്യം. ഏകദേശം 550 പേർ സാംബയിലും 200 പേർ കത്വ ജില്ലയിലെ ഹിരാനഗർ ഹോൾഡിംഗ് സെൻ്ററിലും ഇപ്പോഴും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നിരുന്നാലും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ജമ്മുവിൽ സ്ഥിരതാമസമാക്കിയ റോഹിങ്ക്യകളുടെയും ബംഗ്ലാദേശി പൗരന്മാരുടെയും എണ്ണം 13,700 ആണ്. 2008 നും 2014 നും ഇടയിൽ അവരുടെ ജനസംഖ്യ വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. നുഴഞ്ഞുകയറ്റം മാത്രമല്ല നാട്ടുകാരുമായുള്ള വിവാഹവും നവജാത ശിശുക്കളും കാരണം അവരുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചില ഗ്രൂപ്പുകളും വ്യക്തികളും റോഹിങ്ക്യകളെ സംരക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥർ ജമ്മു ഡിവിഷനിൽ പ്രധാനമായും ജമ്മു ജില്ലയിൽ റോഹിങ്ക്യകളുടെ കുടിയേറ്റത്തെ പിന്തുണയ്ക്കുകയും അവർക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ട് പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനും രഹസ്യാന്വേഷണ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം റോഹിങ്ക്യകളുടെ ജനസംഖ്യ പ്രധാനമായും ജമ്മു സിറ്റിയുടെയും സാംബ ജില്ലയുടെയും പ്രാന്തപ്രദേശങ്ങളിൽ ഒതുങ്ങിനിൽക്കുമ്പോൾ ചില സംഘടനകളും വ്യക്തികളും നൽകിയ പിന്തുണ കാരണം കുറച്ച് കുടുംബങ്ങൾക്ക് ഡോഡ, കിഷ്ത്വാർ, റംബാൻ, രജൗരി, പൂഞ്ച് ജില്ലകളിലേക്കും കടക്കാൻ സാധിച്ചിട്ടുണ്ട്. ഇവരെ ഇപ്പോൾ കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്.
എന്നിരുന്നാലും റോഹിങ്ക്യകളെ തിരിച്ചറിയുന്നതിൽ പോലീസിന് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. കാരണം ഈ മേഖലയിലെ അവരുടെ സെറ്റിൽമെൻ്റുകളെ പിന്തുണയ്ക്കുന്നവരുടെ സഹായത്തോടെ തിരിച്ചറിയൽ കാർഡുകൾ നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞു. ചില പ്രദേശവാസികൾ അവർക്ക് അവരുടെ മുറികൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. റോഹിങ്ക്യകൾ നേരത്തെ തന്നെ ഈ സംവിധാനത്തിൽ സ്ഥിരതാമസമാക്കി ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, വൈദ്യുതി, വെള്ളം കണക്ഷനുകൾ നേടുക, ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ അവശ്യ രേഖകൾ നേടുകയെല്ലാം ചെയ്തതും തിരിച്ചടികളിൽ ഉൾപ്പെടുന്നു. കൂടാതെ താൽക്കാലിക ഷെൽട്ടറുകൾക്കായി വാടകയ്ക്ക് എടുത്ത താമസയിടങ്ങൾ ചിലർ ചൂഷണം ചെയ്യുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ഇതിനു പുറമെ റോഹിങ്ക്യൻ പെൺകുട്ടികളുമായുള്ള പ്രാദേശിക വ്യക്തികളുടെ വിവാഹം ഈ വിഭാഗത്തത്തിന്റെ സെറ്റിൽമെൻ്റുകളുടെ സങ്കീർണ്ണവും പ്രശ്നകരവുമായ സ്വഭാവത്തെ എടുത്തുകാണിക്കുന്നുണ്ട്. അതേ സമയം റോഹിങ്ക്യകൾ പ്രാദേശിക സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ അവർക്ക് തൊഴിൽ നൽകുന്നതിനോ അഭയം നൽകുന്നതിനോ പ്രദേശവാസികൾ വിട്ടുനിൽക്കണം. ഇതിന് പിന്തുണയെന്നോണം ജില്ലയിലെ എല്ലാ വസ്തു ഉടമകൾക്കും കുടിയാന്മാരുടെ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി ജമ്മു ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
വാടകയ്ക്കെടുത്ത വസ്തുക്കൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സാമൂഹിക വിരുദ്ധരും അനധികൃത വ്യക്തികളും ഭീഷണിപ്പെടുത്തുമെന്ന ആശങ്ക കണക്കിലെടുത്താണ് നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: