സിംഗപ്പൂര്‍ സിറ്റി ലോക ചെസ്സില്‍ ചൈനീസ് താരം ഡിങ്ങ് ലിറനും ഇന്ത്യന്‍ കൗമാരതാരം ഗുകേഷും തമ്മിലുള്ള ആറാമത്തെ ഗെയിം വളരെ രസകരമായിരുന്നു. വെള്ളക്കരുക്കള്‍ കൊണ്ട് കളിക്കുന്ന കളിക്കാരന് ഒരു പ്രത്യേക ഓപ്പണിംഗ് തെരഞ്ഞെടുക്കാന്‍ എന്താണ് കാരണം? ചില വിശ്വാസങ്ങളാണത്രെ ഇതിന് പിന്നില്‍.
ആറാമത്തെ ഗെയിമില്‍ ഡിങ്ങ് ലിറന് ആണ് വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ചത്. അദ്ദേഹം തെരഞ്ഞെടുത്തത് ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ് ആണ്. ബ്രിട്ടീഷ് അമേരിക്കന്‍ ചെസ് താരം ജെയിംസ് മേസന് ആണ് ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ് കൊണ്ടുവന്നത്.കറുത്ത കള്ളികളിലൂടെ നീങ്ങുന്ന ആന (ബിഷപ്പ്) ആണ് ഈ ഓപ്പണിംഗിന്റെ ആണിക്കല്ല്. അതുപോലെ കാലാളുകളെക്കൊണ്ട് ഉള്ള പൊളിക്കാന്‍ കഴിയാത്ത പ്രതിരോധവും ഈ ഓപ്പണിംഗിന്റെ സവിശേഷതയാണ്. 1922ല്‍ ലണ്ടനില്‍ നടന്ന ഒരു ടൂര്‍ണ്ണമെന്റില്‍ ഏഴ് ഗെയിമുകളിലും ഇതേ രീതിയില്‍ തന്നെ കളിക്കാര്‍ കളിച്ചതിനാലാണ് ഈ ഓപ്പണിംഗിന് ലണ്ടന്‍ സിസ്റ്റം എന്ന പേര് നല്‍കിയത്. ഈ ഓപ്പണിംഗ് തെരഞ്ഞെടുക്കാന്‍ ഡിങ്ങ് ലിറന് പറഞ്ഞ കാരണം എന്താണെന്നോ? 2023ല്‍ ലണ്ടന്‍ ഓപ്പണിംഗ് കളിച്ച് ലണ്ടനില്‍ വെച്ച് തന്നെ ഇയാന്‍ നെപോമ്നിഷിയെ തോല്പിച്ചിട്ടുണ്ടത്രെ. അതുകൊണ്ട് ലോക ചെസ് പോരാട്ടത്തിലും അത് തന്നെയാണ് ഡിങ്ങ് ലിറന് പ്രതീക്ഷിച്ചത്. ഒരു വിജയം. പക്ഷെ അത് കിട്ടിയില്ല. കാരണം കഴിഞ്ഞ അഞ്ച് കളികളില്‍ ഇരുവരും ഓരോരോ കളികള്‍ ജയിച്ചും മറ്റെല്ലാ കളികളിലും സമനില പിടിച്ചും രണ്ടര പോയിന്റുകള്‍ വീതം നേടി നില്‍ക്കുകയാണ്.
ലണ്ടന്‍ ഗെയിംസ് എന്ന ഓപ്പണിംഗില്‍ ആദ്യത്തെ കരുനീക്കം ഡി4 എന്നതാണ്. രാജ്ഞിക്ക് (ക്വീന്‍) മുന്നിലെ കാലാളിനെ ഡി4 എന്ന കളത്തിലേക്ക് നീക്കല്‍. വളരെ അപരിചിതമായ ഓപ്പണിംഗ് ആയിട്ടും ഗുകേഷ് അതിനെ ശക്തമായി നേരിട്ടു. പക്ഷെ 16ാം നീക്കത്തില്‍ ആര്‍ബി8 എന്ന കരുനീക്കത്തിന് ഡിങ്ങ് ലിറന് തീരെ പരിചിതമല്ലാത്ത എന്‍സി4 എന്ന നീക്കം നടത്തിയത് ഗുകേഷിനെ അമ്പരപ്പിച്ചിരുന്നു. നേരത്തെ പറഞ്ഞതുപോലെ അതീവരഹസ്യമായി ലോക ചെസ് പോരാട്ടത്തിന് നല്ലതുപോലെ ഡിങ്ങ് ലിറന് പരിശീലനം നടത്തിയിരുന്നു എന്നതിന് തെളിവാണ് ഇത്. ഇതുപോലെ ഒട്ടേറെ അസാധാരണനീക്കങ്ങള്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ഗെയിമുകളിലും ഡിങ്ങ് ലിറന് നടത്തിയിരുന്നു. 2024ല്‍ തീരെ ഫോം നഷ്ടപ്പെട്ട കളിക്കാരനായി അഭിനയിക്കുകയും രഹസ്യമായി വന്‍ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു ചൈനക്കാരന് ഡിങ്ങ് ലിറന്. മാത്രമല്ല ലോക ചെസ് കിരീടം ചൈനയിലേക്ക് കൊണ്ടുപോകുന്നത് ചൈനയുടെ ചെസിലുള്ള മേധാവിത്വത്തിന് തെളിവാകുമെന്നും ചൈനീസ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്. അതിനാലാണ് അവര്‍ വലിയ പ്രാധാന്യത്തോടെ ഡിങ്ങ് ലിറനെ ഒരുക്കിയിരിക്കുന്നത്.
ഗുകേഷ് തുടക്കത്തില്‍ സമയസമ്മര്‍ദ്ദത്തില്‍ വീണുപോയിരുന്നു. ക്ലോക്കില്‍ ഡിങ്ങ് ലിറനേക്കാള് 45 മിനിറ്റ് പിന്നിലായിരുന്നു ഗുകേഷ്. പക്ഷെ 20ാം നീക്കത്തില്‍ രാജ്ഞിയെ (ക്വീന്‍) എഫ്5 എന്ന കള്ളിയിലേക്ക് നീക്കിയതോടെ ഈ പ്രശ്നം ഗുകേഷ് പരിഹരിച്ചു. ഇതിന് പകരം തേരിനെ (റൂക്ക്) ബി8 കള്ളിയിലേക്ക് നീക്കണമെന്നാണ് കമ്പ്യൂട്ടര്‍ നല്കിയ ഉപദേശം. എന്തായാലും ഗുകേഷിന്റെ ഈ 20ാം നീക്കം ശരിക്കും ഒരു ഒളിയമ്പായിരുന്നു. കൃത്യമായ മറുനീക്കമുണ്ടായില്ലെങ്കില് ശത്രുവിനെ പ്രഹരിക്കാന്‍ ശേഷിയുള്ള നീക്കം. 21ാമത്തെ കരുനീക്കത്തിന് ഡിങ്ങ് ലിറന് എടുത്തത് 42 മിനിറ്റോളമാണ്. പിന്നീട് വേഗത്തില്‍ ഗുകേഷിന് കരുക്കള്‍ നീക്കാനായി.
എന്തായാലും മധ്യഗെയിം പിന്നിട്ടപ്പോള്‍ ഗെയിം സമനിലയിലേക്കാണ് പോകുന്നതെന്ന് ഉറപ്പായി. ഇതോടെ ഡിങ്ങ് ലിറന് സമനില ചോദിച്ചെങ്കിലും ഗുകേഷ് തയ്യാറായില്ല. അവസാനം വരെ കളിക്കുക എന്നതാണ് തന്റെ നയമെന്നാണ് ഇതേക്കുറിച് പിന്നീട് ഗുകേഷ് പ്രതികരിച്ചത്. പക്ഷെ കളി ഒടുവില്‍ സമനിലയില്‍ തന്നെ കലാശിക്കുകയായിരുന്നു.
എന്തായാലും ലോക ചെസ് പോരാട്ടം പ്രതീക്ഷിച്ചതുപോലെ ഏകപക്ഷീയമായില്ല. ഇരുവരും പല്ലുംനഖവും ഉപയോഗിച്ചുള്ള പോരാട്ടത്തിലാണ്. ഇപ്പോള്‍ 3-3 എന്നതാണ് പോയിന്റ് നില. ആദ്യ ഏഴര പോയിന്റ് ആര് നേടുന്നുവോ അയാള്‍ ലോക ചെസ് ചാമ്പ്യനാവും. അതിന് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും എന്നതാണ് ഇപ്പോള്‍ ആറ് കളികള്‍ പിന്നിടുമ്പോള്‍ ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: