സോഖാവ്താർ : അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടിയുടെ ഭാഗമായി മിസോറാമിലെ അസം റൈഫിൾസ് സോഖാവ്തർ പോലീസിന്റെ സഹകരണത്തോടെ 68 കോടി രൂപ വിലവരുന്ന 22.676 കിലോ മെത്താംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച സോഖാവ്തറിലെ ബാലു കൈ ഏരിയയ്ക്ക് സമീപത്ത് നിന്നുമാണ് ഇവ കണ്ടെടുത്തത്.
ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സേന തിരച്ചിൽ ആരംഭിച്ചിരുന്നു. തവിട്ടുനിറത്തിലുള്ള ചാക്കുമായി ടിയാവു നദി മുറിച്ചുകടക്കുന്ന ഒരു പ്രതിയുടെ നീക്കം സംയുക്ത സംഘം നിരീക്ഷിച്ചു. എന്നാൽ സേനയെ കണ്ട ഉടൻ വ്യക്തി ചരക്ക് ഉപേക്ഷിച്ച് മ്യാൻമറിലേക്ക് പലായനം ചെയ്തു.
തുടർന്ന് സേന നടത്തിയ സമഗ്രമായ പരിശോധനയിൽ 22.676 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ കള്ളക്കടത്ത് തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി മിസോറമിലെ ചമ്പൈ ജില്ലയിലുള്ള സോഖാവത്തറിലെ പോലീസ് വകുപ്പിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കാർട്ടലുകളെ പിടികൂടാൻ അസം റൈഫിൾസും പ്രാദേശിക പോലീസും നിരവധി ഓപ്പറേഷനുകളാണ് നടത്തി വരുന്നത്. നവംബർ 30 ന് അസം റൈഫിൾസ് ആൻ്റി നാർക്കോട്ടിക് സ്ക്വാഡ്, എക്സൈസ് ആൻഡ് നാർക്കോട്ടിക് (മിസോറം) എന്നിവർ ചേർന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന 18 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മിസോറമിലെ ഐസ്വാൾ ജില്ലയിലെ സിഫിർ നെയ്ബാവിഹ് ജനറൽ ഏരിയയിൽ നിന്ന് ഒരാളെ പിടികൂടിയിരുന്നു.
ഇതിന് പുറമെ അസം റൈഫിൾസും മിസോറം പോലീസും ചേർന്ന് സെർചിപ്പ് ജില്ലയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആറ് 12 ബോർ സിംഗിൾ ബാരൽ റൈഫിളുകൾ കണ്ടെടുത്തിരുന്നു. കണ്ടെടുത്ത ആയുധങ്ങളും പിടികൂടിയ വ്യക്തിയേയും മിസോറാം പോലീസിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: