സ്വന്തമായി 6000ത്തില്‍ പരം പുസ്തകങ്ങള്‍, കേരളത്തിനകത്തും പുറത്തും മൂവായിരത്തിലധികം വേദികളില്‍ ആദ്ധ്യാത്മിക-സാംസ്കാരിക പ്രഭാഷണം, മുപ്പത്ത് വര്‍ഷത്തിലധികമായി അദ്ധ്യാപന രംഗത്തും കലാ-സാംസ്കാരിക, സാമൂഹ്യ സേവന പ്രവര്‍ത്തന രംഗങ്ങളിലും സജീവം. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശി കെ.എന്‍. രാധാകൃഷ്ണന് മാസ്റ്റര്‍ ഇങ്ങനെയൊക്കെയാണ്. പുസ്തകങ്ങള്‍ കൊണ്ട് തന്റെ വീട് തന്നെ ഗ്രന്ഥാലയമാക്കി മാറ്റിയിരിക്കുകയാണ് മാസ്റ്റര്‍. ‘ചിന്മയി’ എന്നാണ് ഗ്രന്ഥശേഖരത്തിന് നല്കിയിക്കുന്ന പേര്. ബൃഹത് ഗ്രന്ഥങ്ങളുടെയും, റഫറന്‍സ് ഗ്രന്ഥങ്ങളുടെയും കലവറ തന്നെയാണ് ഇവിടം. നാലു വേദങ്ങളും, അവയുടെ ഭാഷ്യങ്ങളും 108 ഉപനിഷത്തുക്കളും അവയുടെ വ്യാഖ്യാനങ്ങളും പഠനങ്ങളും ഭാരതീയ ഭാഷയില്‍ എഴുതിയ മിക്കവാറും എല്ലാ രാമായണങ്ങളും മഹാഭാരതത്തിന്റെ അനേകം പഠനങ്ങളും ഈ ഗ്രന്ഥപ്പുരയിലുണ്ട്.
സര്‍വ്വവിജ്ഞാന കോശം, അഖില വിജ്ഞാന കോശം, വിശ്വസാഹിത്യ വിജ്ഞാന കോശം, വിശ്വ സാഹിത്യ താരാവലി, ലോക ക്ലാസിക് കഥകള്‍, നോവല്‍ സാഹിത്യ മാല ,ലോകരാഷ്ട്രങ്ങളുടെ ചരിത്രം, നാട്ടറിവ് പഠനങ്ങള്‍ ,1950 മുതല്‍ 2020 വരെയുള്ള മലയാള പാഠപുസ്തകങ്ങള്‍, യവനകഥകള്‍, കഥാസരിത് സാഗരം, ശ്രീശങ്കര സാരസ്വത സര്വ്വസ്വത്തിന്റെ 20 വാല്യങ്ങള്‍, ക്ഷേത്രവിജ്ഞാന കോശം, 18 പുരാണങ്ങളും അവയുടെ പഠനങ്ങളും, ശ്രീമദ് ഭാഗവത വ്യാഖ്യാനങ്ങള്‍, ലെക്സിക്കല്‍ നിഘണ്ടു തുടങ്ങി പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരം തന്നെ ഇവിടെയുണ്ട്.
പുസ്തകങ്ങള്‍ എല്ലാം അടുക്കും ചിട്ടയോടെയാണ് ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഏത് പുസ്തകമായാലും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. സാഹിത്യം, കഥ, കവിത, യാത്രാവിവരണം, തത്വചിന്ത, സ്ഥല പുരാണങ്ങള്‍, സുവനീറുകള്‍, പുനപ്രസിദ്ധീകരണമില്ലാത്ത വാരികകളും മാസികകളും എല്ലാം ശാസ്ത്രീയമായി തന്നെ ക്രമീകരിച്ചിട്ടുണ്ട്. പ്രാചീന, ആധുനിക കവിത്രയങ്ങളുടെ സമ്പൂര്‍ണ്ണ കൃതികളുള്‍പ്പെടെ മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളും ചിന്മയിയിലുണ്ട്.
ഒരു ശരാശരി വായനക്കാരന് ഒരു വര്‍ഷം 12 പുസ്തകങ്ങള്‍ വായിക്കുമെന്നാണ് കണക്ക്. മികച്ച വായനക്കാരനാണെങ്കില്‍ 50 പുസ്തകങ്ങളും, അതിഗംഭീര വായനക്കാരനാണെങ്കില്‍ 80 പുസ്തകങ്ങളും വായിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. അപ്പോള്‍ ഒരു മനുഷ്യന് ആയുസില്‍ 6000 പുസ്തകങ്ങള്‍ വരെ വായിക്കാന്‍ കഴിയുമത്രേ. എന്നാല്‍ അതിലുമെത്രയോ വായിച്ചുകൂട്ടുന്നവരും ഉണ്ട്. ഒരു നദിയില്‍ ഒരാള്‍ക്ക് രണ്ടുതവണ ഇറങ്ങാന്‍ കഴിയുകയില്ല എന്ന് പറയുന്നതുപോലെ ഒരോ പുസ്തകവും ഓരോ തവണ വായിക്കുമ്പോഴും ഓരോരോ അനുഭൂതികളിലേക്കാണ് നയിക്കുന്നതെന്നാണ് മാഷിന്റെ അഭിപ്രായം.
വായനയോടൊപ്പം എഴുത്തും കൂട്ടിനുണ്ട്. പത്രങ്ങളിലും വാരികകളിലുമായി നിരവധി ലേഖനങ്ങളും കവിതകളും എഴുതിയ മാഷ് ആകാശവാണിയില്‍ അനേകം സുഭാഷിതങ്ങളും അവതരിപ്പിക്കാറുണ്ട്. രാമായണ മാസക്കാലത്തും നവരാത്രിയിലും വിവിധ ചാനലുകളില്‍ പ്രഭാഷണങ്ങളും നടത്തുന്ന അദ്ദേഹം ദിവസം ആറു മണിക്കൂറിലധികമാണ് വായനക്കായി നീക്കി വയ്ക്കുന്നത്.
3000 പ്രഭാഷണങ്ങള്‍
കേരളത്തിനകത്തും പുറത്തുമായി ഇതിനോടകം 3000ത്തില്‍ പരം വേദികളില്‍ പ്രഭാഷണം നടത്തി. യജ്ഞ വേദികളിലും, ക്ഷേത്ര സങ്കേതങ്ങളിലും, കുടുംബ സദസുകളിലും, വിദ്യാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിവിധ വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങള്‍ പരന്ന വായനയിലൂടെ ആര്‍ജിച്ച കരുത്തുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
സനാതന ധര്‍മ്മ പ്രചാരണത്തിന്റെ ഭാഗമായി നൂറുകണക്കിന് രാമായണ, ഭാഗവത, ഭാരത, മനനസത്രങ്ങള്‍ ഇതിനോടകം തന്നെ സംഘടിപ്പിച്ചു. സ്വന്തം ഗ്രാമത്തില്‍ ചിദഗ്നി എന്ന പേരില്‍ സനാതന ധര്‍മ്മ പാഠശാല തുടങ്ങി. 500ല്‍ പരം വീടുകളില്‍ സൗജന്യമായി അദ്ധ്യാത്മ രാമായണവും ഭഗവത്ഗീതയും നല്കി ധര്‍മ്മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഭാരതീ വിദ്യാപീഠം എന്ന വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ച് സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് 13 വര്‍ഷം കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന് എടുത്ത് അദ്ധ്യാപനത്തെ തപസ്യയാക്കിയ മാഷ്, ജലമാണ് ജീവന് പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം 200 വീടുകളില്‍ പറവകള്‍ക്ക് ദാഹജലം ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നു.
ആര്‍ഷ സംസ്കാര ഭാരതിയെന്ന ആദ്ധ്യാത്മിക പ്രഭാഷകന്മാരുടെ സംഘടനയുടെ സംസ്ഥാന അധ്യക്ഷനാണ്. കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് ശ്രീ ശങ്കരന്റെ പേരില്‍ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം തുടങ്ങി ഒട്ടനവധി ശ്രദ്ധേയമായ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചേലേരി സാന്ദീപനി ധര്‍മ്മ പഠന വിദ്യാലയത്തില്‍ സനാതന ധര്‍മ്മത്തെ അധികരിച്ച് പ്രതിവാര ക്ലാസുകള്‍ സംഘടിപ്പിച്ചും നാറാത്ത് ചിദഗ്നി പാഠശാലയുടെ ആദ്ധ്യാത്മിക-സാംസ്കാരിക സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നു. പാരലല്‍ കോളജ് അസോസിയേഷന്റെ സംസ്ഥാന ചുമതല വഹിച്ചു കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കലോത്സവങ്ങളും, കായികമേളകളും നടത്തി സംഘാടക മികവ് തെളിയിച്ചു.
യൂത്ത് റെഡ് ക്രോസ് സൊസൈറ്റിയുടെ ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച കാലഘട്ടത്തിലാണ് കേരള പോലീസിന്റെ സഹകരണത്തോടെ ട്രാഫിക് നിയന്ത്രണത്തിന് യുവതി യുവാക്കള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുകയും ഫ്രണ്ട്ലി പോലീസ് എന്ന പേരില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ട്രാഫിക് നിയന്ത്രണത്തെ സഹായിക്കാന്‍ പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുകയും ചെയ്തത്. യുവതി യുവാക്കള്‍ക്കായി പഠന ശിബിരങ്ങള്‍ ,രക്തദാന സേന രൂപീകരണം, നദീതട സംരക്ഷണ യാത്രകള്‍, ലഹരി വിരുദ്ധ ബോധവത്കരണ ജാഥകള്‍, പരിസ്ഥിതി സന്ദേശ കലാജാഥകള്‍, സാംസ്കാരിക തീര്‍ത്ഥയാത്ര, വോളിബോള്‍,ഫുട്ബോള്‍ പരിശീലന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിലും രാധാകൃഷ്ണന് മാസ്റ്റര്‍ മുന്‍നിരയിലുണ്ട്.
കേരള എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ പ്രഭാഷക കേസരി പുരസ്കാരം, ജ്യോതിര്‍ഗമയുടെ പ്രഥമ വാഗ്ദേവി പുരസ്കാരം, ഭക്തി സംവര്‍ദ്ധിനി യോഗത്തിന്റെ ടി.കെ. രാമകൃഷ്ണന് മാസ്റ്റര്‍ എന്റോള്‍വ്മെന്റ് പുരസ്കാരം, കണ്ണൂര്‍ കലാഗൃഹത്തിന്റെ ഗുരുപൂജ പുരസ്കാരം, കണ്ണൂര്‍ മീഡിയയുടെ രാമായണ കീര്‍ത്തി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ഇദ്ദേഹത്തെ തേടിയെത്തി. മുപ്പതിലേറെ വര്‍ഷമായി കമ്പിലിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ അക്ഷര കോളജ് പ്രിന്‍സിപ്പാളാണ്. പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പി. ദാമോദരന്‍ മാസ്റ്ററുടെയും, കെ.എന്‍. രോഹിണിയമ്മയുടെയും മകനാണ്. അദ്ധ്യാപികയായ ഷീജയാണ് ഭാര്യ. നവനീത് കൃഷ്ണന് ഏക മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: