തൃശൂര്‍:കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍. അധ്യാപകരും സുരക്ഷാ ജീവനക്കാരുമുള്‍പ്പെടെ 120 താത്കാലിക ജീവനക്കാര്‍ നാളെ മുതല്‍ ജോലിക്കെത്തേണ്ടെന്ന് രജിസ്ട്രാര്‍ ഉത്തരവിറക്കി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് കൂട്ടപ്പിരിച്ചു വിടല്‍.
മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടുന്നത് കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതിമാസം എണ്‍പത് ലക്ഷം രൂപയാണ് ശമ്പളമടക്കം നല്കാന് കലാമണ്ഡലത്തിന് ആവശ്യം. എന്നാല്‍ അമ്പത് ലക്ഷം രൂപയാണ് കഴിഞ്ഞ മാസം സാംസ്കാരിക വകുപ്പില്‍ നിന്ന് ലഭിച്ചത്.
കഴിഞ്ഞ കുറെ മാസങ്ങളായി ഇതാണ് സ്ഥിതി.ഇതോടെ രജിസ്ട്രാറുടെ താത്കാലിക ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉത്തരവിറക്കുകയായിരുന്നു.കലാമണ്ഡലത്തില്‍ 140 കളരികളാണ് ഉളളത്.അറുപതിനടുത്ത് സ്ഥിരം ജീവനക്കാരാണ് ഇവിടെയുള്ളത്.
കളരികള്‍ മിക്കതും താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് മുന്നോട്ട് പോകുന്നത്. എട്ടുമുതല്‍ എംഎ വരെ പഠനവും കലാമണ്ഡലത്തിലുണ്ട്.പ്ലസ് ടുവരെ പൊതു വിദ്യാഭ്യാസവുമുണ്ട്. പൊതു വിദ്യാഭ്യാസം നടന്നുപോകുന്നത് പൂര്‍ണമായും താത്കാലിക അധ്യാപകരെ ഉപയോഗിച്ചാണ്.ഇവരെ പിരിച്ചുവിട്ടതോടെ വിദ്യാര്‍ഥികളുടെ പഠനം പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: