തിരുവനന്തപുരം: കേരള മീഡിയ അക്കാദമി കട്ടിങ് സൗത്ത് സംഘടിപ്പിച്ചിട്ടില്ലെന്ന ചെയർമാൻ ആർ.എസ്. ബാബുവിന്റെ അവകാശവാദം പച്ചക്കള്ളം. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച കട്ടിങ് സൗത്തിനായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ അറിയിച്ച് ആർ.എസ്. ബാബു പരിപാടിയിൽ പാർട്ട്നറായ കോൺഫ്ലുവൻസ് മീഡിയ ചെയർമാൻ ജോസി ജോസഫിന് അയച്ച കത്ത് പുറത്തു വന്നു.
The Kerala Media Academy is delighted to host Cutting South 2023 എന്നാണ് കത്തിന്റെ തുടക്കം. കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കാനഡ ഹൈക്കമ്മിഷനിൽ നിന്ന് 4000 ഡോളർ സ്പോൺസർഷിപ്പ് സ്വീകരിച്ചത് FCRA ലംഘനമാണെന്ന തിരിച്ചറിവിൽ തടിയൂരാനാണ് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബുവിന്റെ ശ്രമം. കട്ടിങ് സൗത്തിൽ മീഡിയ അക്കാദമിയുടെ പാർട്നർമാരായിരുന്ന കോൺഫ്ലുവൻസ് മീഡിയ ചെയർമാൻ ജോസി ജോസഫ്, ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രന്റെ ഭർത്താവ് വിഘ്നേഷ് വെല്ലോർ, ന്യൂസ് ലൗൺ ട്രി എഡിറ്റർ അഭിനന്ദൻ സേക്രി എന്നിവരാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പു വച്ചത്.
കാനഡ ഹൈക്കമ്മീഷനിൽ നിന്നു ചില്ലിക്കാശു പോലും മീഡിയ അക്കാദമി കൈപ്പറ്റിയിട്ടില്ലെന്നും ബാബു അവകാശപ്പെട്ടു. FCRA ലംഘനത്തിൽ കേസു നേരിടേണ്ടി വന്നേക്കുമെന്ന ആശങ്കയിൽ പാർട്നർമാരെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാനാണ് കേരള സർക്കാരും കേരള മീഡിയ അക്കാദമിയും ശ്രമിക്കുന്നത്. കട്ടിങ് സൗത്ത് സമ്മേളനത്തിലേക്ക് ക്ഷണിച്ചു ജോസി ജോസഫ് ചീഫ് സെക്രട്ടറിക്കും പിആർഡി ഡയറകർക്കും അയച്ച കത്തുകളും പുറത്തു വന്നിട്ടുണ്ട്. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി എന്നും ക്ഷണക്കത്തിലുണ്ട്.
ബോൾഗാട്ടി പാലസ് ഹോട്ടലിൽ പരിപാടി സംഘടിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്. വിവാദമായതോടെ ഹോട്ടൽ ഉടമ പിൻമാറി. അതേ തുടർന്നാണ് വേദി എറണാകുളം ടൗൺ ഹാളിലേക്ക് മാറ്റിയത്.
കട്ടിങ് സൗത്ത് സംഘടിപ്പിക്കാൻ മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിയും ഒത്താശ ചെയ്തു. കട്ടിങ് സൗത്ത് ക്ഷണക്കത്തിൽ സർക്കാർ സഹായത്തിന് അടിയന്തര നടപടിയെടുക്കാൻ നിർദേശിച്ച് വി.പി. ജോയി പിആർഡി ഡയറക്ടർക്ക് കത്ത് കൈമാറി. പിആർഡിക്ക് കീഴിലുള്ള കേരള മീഡിയ അക്കാദമിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 44.95 ലക്ഷം രൂപയാണ് കട്ടിങ് സൗത്തിനായി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: