ജമ്മു : കത്വ ജില്ലയിൽ സംയുക്ത സുരക്ഷാസേന നടത്തിയ പരിശോധനയിൽ
തീവ്രവാദ ഗ്രൂപ്പുകളിലെ പത്ത് ഓവർ ഗ്രൗണ്ട് വർക്കർമാർ (ഒജിഡബ്ല്യു) അറസ്റ്റിൽ. പോലീസും സിആർപിഎഫും സംയുക്തമായി
17 സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
മൽഹാർ, ബാനി, ബില്ലവാറിന്റെ മുകൾ ഭാഗങ്ങൾ, കാന ചാക്ക്, ഹരിയ ചാക്ക്, സ്പ്രാൽ പെയിൻ, ചാക്ക് വാജിർ ലഹ്ബ്ജു എന്നിവയുടെ അതിർത്തി പ്രദേശങ്ങളിൽ ഭീകരർക്ക് ലോജിസ്റ്റിക്, സാമ്പത്തിക സഹായം നൽകുന്ന ശൃംഖലകൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പഷേൻ. ഇതുമായി ബന്ധപ്പെട്ട് മൽഹാർ, ബില്ലവാർ, ബാനി എന്നീ പോലീസ് സ്റ്റേഷനുകളിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി വക്താവ് പറഞ്ഞു. അടുത്തിടെ കത്വ ജില്ലയുടെ മലമ്പ്രദേശങ്ങളിലും ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡിനോട് ചേർന്നുള്ള അതിർത്തിയിലും സുരക്ഷാ സേനയുമായുള്ള രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ജെയ്ഷെ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള മൂന്ന് പാക് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു മേഖലയിലെ പോലീസ് ജെയ്ഷെഎം, ലഷ്കർ-ഇ-തൊയ്ബ എന്നിവയുമായി ബന്ധമുള്ള ഭീകര ശൃംഖലകൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയിരുന്നു. കൂടാതെ രജൗരി, പൂഞ്ച്, ഉധംപൂർ, റിയാസി എന്നിവയുൾപ്പെടെ മറ്റ് വിവിധ ജില്ലകളിലായി 56ലധികം റെയ്ഡുകളും സൈന്യവും പോലീസും ചേർന്ന് നടത്തിയിരുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങൾ, രേഖകൾ, കണക്കിൽപ്പെടാത്ത പണം, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെയുള്ള സാമഗ്രികൾ വീണ്ടെടുക്കുന്നതിനൊപ്പം നിരവധി ഒജിഡബ്ല്യുമാരെയും ഭീകരവാദികളെയും അറസ്റ്റ് ചെയ്യാനും ഈ ഓപ്പറേഷനിൽ സാധിച്ചുവെന്ന് മുതിർന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: