മുംബൈ: ചരിത്രത്തില്‍ ആദ്യമായി മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ല. ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയുടെ സുനാമിയില്‍ ഉദ്ധവ് താക്കറെയും ശരത് പവാറും രാഹുല്‍ ഗാന്ധിയും ഒലിച്ചുപോവുകയായിരുന്നു പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം. ഒരൊറ്റ പ്രതിപക്ഷപാര്‍ട്ടിക്കും 29 സീറ്റുകള്‍ നേടാന്‍ കഴിയാത്തതിനാലാണ് ഈ ദുരവസ്ഥ.
ഇതിന് മുന്‍പ് 1962ലും 1967ലും മാത്രമാണ് മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാതിരുന്നത്. അന്ന് കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം സീറ്റുകള്‍ നേടി വിജയിക്കുകയായിരുന്നു.
നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കണമെങ്കില്‍, ആ പാര്‍ട്ടിക്ക് ആകെ നിയമസഭാഅംഗബലത്തിന്റെ പത്ത് ശതമാനം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. മഹാരാഷ്ട്ര നിയമസഭയുടെ ആകെ അംഗബലം 288 ആണ്. പ്രതിപക്ഷത്തെ ഏതെങ്കിലും പാര്‍ട്ടിക്ക് 29 സീറ്റെങ്കിലും (ആകെ സീറ്റുകളുടെ പത്ത് ശതമാനം) ഉണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയൂ. എന്നാല്‍ ഇക്കുറി പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിനോ, ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കോ, ശരത് പവാറിന്റെ എന്‍സിപിയ്ക്കോ 29 അംഗങ്ങളെ വിജയിപ്പിച്ചെടുക്കാനായില്ല. കോണ്‍ഗ്രസിന് ആകെ 16 സീറ്റുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. ഉദ്ധവ് താക്കറെ ശിവസേനയ്ക്ക് 20 സീറ്റുകളും ശരത് പവാറിന്റെ എന്‍സിപിക്ക് 10 സീറ്റുകളും മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
ജനകീയ നേതാക്കള്‍ നിലംപൊത്തി
ജനകീയനായ കോണ്‍ഗ്രസ് നേതാവ് നാനാ പടോളെയ്ക്ക് പോലും വെറും 288 വോട്ടുകള്‍ക്കാണ് വിജയിക്കാനായത്. മുന്‍മുഖ്യമന്ത്രി വിലാസ് റാവു ദേശ് മുഖിന്റെ മകന് ധീരജ് ദേശ് മുഖ് ലത്തൂര്‍ റൂറലില്‍ തോറ്റു. പൃഥ്വിരാജ് ചവാര്‍ കാരാട് സൗത്തില്‍ തോറ്റു. കോണ്‍ഗ്രസ് നേതാവ് തോറാട്ട് പോലും പരാജയപ്പെട്ടു. യഷോമിത താക്കൂര്‍ തിയോസ സീറ്റില്‍ തോറ്റു.
സ്ത്രീവോട്ടര്‍മാരുടെ നിശ്ശബ്ദ വിപ്ലവം
ഭരണവിരുദ്ധ വികാരം, മറാത്ത ജാതിക്കലാപം, ഗ്രാമീണര്‍ക്കിടയിലെ അതൃപ്തി, ജാതി സംവരണം തുടങ്ങി പല വിഷയങ്ങളും പ്രതിപക്ഷം പയറ്റിനോക്കി. പക്ഷെ സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം പെന്ഷന് നല്കിയതും ദീപാവലിയ്ക്ക് പ്രത്യേക ബോണസ് സഹിതം 3000 രൂപ നല്കിയതും സ്ത്രീകള്‍ കൂട്ടത്തോടെ മഹായുതിയെ പിന്തുണയ്ക്കാന്‍ കാരണമായി. അതുപോലെ യോഗിയുടെ ബട്ടേംഗെ തോ കട്ടേംഗെ (ഒന്നിച്ച് നിന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ചിതറും) എന്ന മുദ്രാവാക്യവും മോദിയുടെ ഏക് ഹെ തോ സേഫ് ഹെ (ഒബിസി, എസ് സി, എസ് ടി എന്നീ ഹിന്ദുവിഭാഗങ്ങള്‍ ഒന്നിച്ചുനിന്നാല്‍ സുരക്ഷിതരായിരിക്കുമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് ജാതി സംവരണത്തില്‍ കുരുക്കി ഹിന്ദുക്കളെ ദുര്‍ബലരാക്കി ഭരണം പിടിക്കുമെന്നും) എന്ന മുദ്രാവാക്യവും വോട്ടര്‍മാരെ മഹായുതിക്ക് ഒപ്പം നിര്‍ത്തി. എന്തിന് 20 ശതമാനത്തോളം മുസ്ലിം വോട്ടര്‍മാരുള്ള 38 മണ്ഡലങ്ങളില്‍ 14 ഇടത്ത് ബിജെപി ജയിച്ചത് അത്ഭുതപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലം തന്നെ.
ബിജെപി നേതൃത്വത്തിലുള്ള മഹായുതിയ്ക്ക് 288ല്‍ 230 സീറ്റുകള്‍ കിട്ടി. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. 57 സീറ്റുകളില്‍ ഏകനാഥ് ഷിന്‍ഡേ ശിവസേന വിജയിച്ചു. 41 സീറ്റുകളിലാണ് അജിത് പവാര്‍ എന്‍സിപി വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: