കോഴിക്കോട്: സംസ്ഥാനത്ത് വഖഫ് വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ചത് മുനമ്പത്ത് അറുന്നൂറോളം വരുന്ന കുടിയൊഴിക്കപ്പെടുന്ന കുടുംബം നടത്തിയ പ്രക്ഷോഭമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
വഖഫ് ഭേദഗതി നിയമം വന്നാല്‍ ഒരു കുടുംബവും കുടിയൊഴിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി പടരുന്ന വഖഫ് ഭീകരത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുനമ്പത്ത് മാത്രമല്ല, രാജ്യത്ത് ഉടനീളം വഖഫ് ഭീകരത പടരുകയാണ്. തമിഴ്നാട് തിരുച്ചിന്തിറ വില്ലേജില്‍ 1500 വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ വഖഫ് അവകാശവാദമുന്നയിച്ചതോടെയാണ് ദേശീയ രാഷ്ട്രീയ ശ്രദ്ധയില്‍ വന്നത്. പാര്‍ലമെന്റ് മന്ദിരം, രാഷ്ട്രപതി ഭവന്, എയര്‍പോര്‍ട്ട് തുടങ്ങി ദല്‍ഹിയിലെ 73% ഭൂമിയിലും വഖഫ് അവകാശവാദമുന്നയിച്ചു.
ഒരു വ്യക്തി വ്യക്തമായ രേഖകളുള്ള തന്റെ സ്വത്ത് രണ്ടു സാക്ഷികളോടെ ദൈവത്തിന് സമ്മാനിക്കുന്നതാണ് വഖഫ്. എന്നാല്‍ കോണ്‍ഗ്രസ് 1995ല്‍ കൊണ്ടുവന്ന വഖഫ് നിയമപ്രകാരം വഖഫ് ബോര്‍ഡ് സിവില്‍ കോടതിക്കും പാര്‍ലമെന്റിനും മുകളിലാണ്. ലോകത്ത് ഒരു ഇസ്ലാമിക രാജ്യത്തും ഇത്തരം വിചിത്രനിയമമില്ല. ഇതിനു പിന്നില്‍ ജവഹര്‍ലാല്‍ നെഹ്റുവാണ്. നിലവില്‍ 9 ലക്ഷം ഏക്കര്‍ ഭൂമി വഖഫിന്റെതായി മാറാന്‍ കാരണം നെഹ്റു കാണിച്ച ചതിയാണ്. വിഭജനത്തിനുശേഷം പാകിസ്ഥാനില്‍ നിന്നുവന്നവരുടെ ഭൂമി പാകിസ്ഥാന് സര്‍ക്കാരിന്റെത് ആക്കിയപ്പോള്‍ ഭാരതത്തില്‍നിന്ന് പാകിസ്ഥാനിലേക്കു പോയവരുടെ ഭൂമി നെഹ്റു വഖഫ് ബോര്‍ഡിനെ ഏല്‍പ്പിച്ചു. നെഹ്റു കാണിച്ച ഈ അബദ്ധം, പ്രീണനരാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് തുടര്‍ന്നതാണ് ഇന്ന് ആയിരക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതിലേക്ക് എത്തിയത്. 1995ലെ ഭേദഗതിനിയമം സെക്ഷന്‍ 40 പ്രകാരം വഖഫ് ബോര്‍ഡിന് ഒരു ഭൂമിക്ക് തീരുമാനമെടുക്കാമെന്നത് വഖഫ് ഭേദഗതിയിലെ ഭീകരത വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പൊതുസ്ഥലത്തിന് പോലും വഖഫിന് അവകാശവാദം ഉന്നയിക്കാമെന്ന നിയമവും മോദി പുതിയ ഭേദഗതിയിലൂടെ എടുത്തുകളയും. പുതിയ ഭേദഗതിയിലൂടെ ഭൂമാഫിയ വഖഫ് ഭൂമിയെ കൊള്ളയടിക്കുന്നത് തടയപ്പെടും. അതിന്റെ ഗുണഫലം അനുഭവിക്കാനാവുക മുസ്ലിങ്ങള്‍ക്കു തന്നെയാണ്. മുനമ്പം പ്രക്ഷോഭമാണ് വഖഫ് വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ചത്. വഖഫ് ഭേദഗതി നിയമം, സിഎഎ, മദ്രസാ പരിഷ്കരണം എന്നിവ മുസ്ലിം സമൂഹത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ശശി കമ്മട്ടേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ. ഷൈനു ആമുഖ പ്രഭാഷണം നടത്തി.
ഷൈനു എഡിറ്റ് ചെയ്ത വഖഫ് ഭേദഗതി ബില്‍ 2024 വാദവും വിവാദവും എന്ന പുസ്തകം എ.പി. അബ്ദുള്ളക്കുട്ടി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസിന് നല്കി പ്രകാശനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെ.പി. ഹരിദാസ്, അഡ്വ. ബിനീഷ് ബാബു, പി.വി. മുരളീധരന്, പി.വി. ശ്യാംമോഹന്, വി.എസ്. പ്രസാദ്, എം.എം. ഉദയകുമാര്‍, ജില്ലാ പ്രസിഡന്റ് ടി.എന്‍. ഗോപാലന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: