പെര്‍ത്ത്: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ പോരാട്ടത്തിന് ജസ്പ്രീത് ബുംറയ്ക്ക് കീഴിലുള്ള ഭാരത സംഘം ഇന്ന് പെര്‍ത്തിലെ മൈതാനത്തിറങ്ങും. പാറ്റ് കമ്മിന്‍സ് എന്ന പേസ് ബൗളര്‍ നയിക്കുന്ന ടീം എതിരാളികളാകുമ്പോള്‍ രണ്ട് ബൗളിങ് നായകന്മാരുടെ ഏറ്റുമുട്ടല്‍ കൂടിയാകുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളാണ് ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന് മുമ്പ് 1991-92 കാലത്താണ് അഞ്ച് മത്സരങ്ങളുണ്ടായിരുന്നത്. ചരിത്രത്തില്‍ അഞ്ചാം തവണയാണ് ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പോരാട്ടത്തില്‍ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്രയും മത്സരങ്ങള്‍ ഭാരതത്തില്‍ നടന്നിട്ടുള്ളത് ഒരേയൊരു തവണ മാത്രം, 1969-70 സീസണില്‍.
വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും നായകന് രോഹിത് ശര്‍മയ്ക്ക് വിട്ട് നില്‍ക്കേണ്ടി വന്നതിനാലാണ് വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്ക് ഇന്ന് ടീമിനെ നയിക്കേണ്ടി വന്നത്.
ടീമിനെ നയിക്കേണ്ടിവന്നതിനെ വലിയ ബാധ്യതയായി കാണുന്നില്ലെന്നാണ് ബുംറ പറയുന്നത്. ചെറുപ്പം മുതലേ ഉത്തരവാദിത്തങ്ങളെ ഏറ്റെടുക്കുന്നത് ശീലമാക്കിയ സ്വഭാവക്കാരനാണ് താന്‍. അതിനാല്‍ ബൗളിങ്ങിനിടെ നായകനാകുന്നതിനെ വലിയ ബുദ്ധിമുട്ടായി കാണുന്നില്ല. ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ് ഈ രണ്ട് ചുമതലകളും നിര്വഹിച്ചുപോരുന്നുണ്ടെന്ന് ബുംറ ചൂണ്ടിക്കാട്ടി. ഇതിഹാസ താരം കപില്‍ ദേവിനെ കുറിച്ച് പറയാനും ബുംറ ശ്രദ്ധിച്ചു. ക്യാപ്റ്റനായിരിക്കുമ്പോഴും തന്റെ പ്രകടന മികവ് നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്താന്‍ സാധിക്കും. അതിന് പാകപ്പെട്ടുകഴിഞ്ഞുവെന്നും ബുംറ പറഞ്ഞു.
ഭാരതത്തിന്റെ മുഴുവന്‍ താരങ്ങള്‍ക്കുമെതിരെ തങ്ങള്‍ക്ക് പദ്ധതികളുണ്ടെന്ന് ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ് പറഞ്ഞു. എതിര് ടീം നായകന് പേസ് ബൗളറായതില് ചെറിയൊരു സന്തോഷമുണ്ടെന്നും സമാന നിലയിലുള്ള അദ്ദേഹം വ്യക്തമാക്കി.
ഓസീസിന് 4-0 നല്കിയ വാക്കാ സ്റ്റേഡിയം
ഇന്നത്തെ മത്സരം നടക്കുന്ന പെര്‍ത്തിലെ വാക്കാ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന നാല് ടെസ്റ്റുകളും ജയിച്ചത് ഓസ്ട്രേലിയയാണ്. ഒരു മത്സരം ഭാരതത്തിനെതിരെയും ജയിച്ചിട്ടുണ്ട്. 2018-19 ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലായിരുന്നു ആ ഏറ്റുമുട്ടല്‍. അന്ന് ഭാരതത്തെ 146 റണ്‍സിനാണ് തോല്‍പ്പിച്ചത്.
ബൗണ്‍സും പേസും നന്നായി ലഭിക്കുന്ന പിച്ചാണ് പെര്‍ത്തിലേത്. സ്പിന്നര്‍മാരും രാശി തെളിയിച്ചിട്ടുണ്ടിവിടെ. ഭാരതം പരാജയപ്പെട്ട മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും കൂടി എട്ട് വിക്കറ്റുകള്‍ നേടി നിര്‍ണായക പ്രകടനം കാഴ്ച്ചവച്ചത് ഓസീസ് സ്പിന്നര്‍ നഥാന്‍ ല്യോണ്‍ ആണ്.
ടോസിന് ഇവിടെ നിര്‍ണായക സ്വാധീനമുണ്ട്. കഴിഞ്ഞ നാല് ടെസ്റ്റുകളിലും ടോസ് നേടിയ ടീം ആണ് വിജയിച്ചത്.
ഓസ്ട്രേലിയയില്‍ ഇതുവരെ
വര്‍ഷം ജേതാക്കള്‍ (വിജയമാര്‍ജിന്‍)
1947-48 ഓസ്ട്രേലിയ (4-0)
1967-68 ഓസ്ട്രേലിയ (4-0)
1977-78 ഓസ്ട്രേലിയ(3-2)
1980-81 സമനില(1-1)
1985-86 സമനില(0-0)
1991-92 ഓസ്ട്രേലിയ(4-0)
1999-2’0 ഓസ്ട്രേലിയ(3-0)
2003-04 സമനില(1-1)
2007-08 ഓസ്ട്രേലിയ(2-1)
2011-12 ഓസ്ട്രേലിയ(4-0)
2014-15 ഓസ്ട്രേലിയ(2-0)
2018-19 ഭാരതം(2-1)
2020-21 ഭാരതം(2-1)
പ്രതികരിക്കാൻ ഇവിടെ എഴുതുക: