അങ്കമാലി : മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി ഭാഗത്ത് കാരിക്കോത്ത് വീട്ടിൽ ശ്യാംകുമാർ (34)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
കാലടി, പെരുമ്പാവൂർ കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ദേഹോപദ്രവം, ന്യായവിരോധമായി സംഘം ചേരൽ ആയുധ നിയമപ്രകാരമുള്ള കേസ്, മയക്ക് മരുന്ന് കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് ഇയാൾ.
2023 ഫെബ്രുവരി മുതൽ 6 മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. തുടർന്ന് നാട് കടത്തൽ കാലാവധിയ്ക്ക് ശേഷം ജില്ലയിൽ പ്രവേശിച്ച ഇയാൾ കഴിഞ്ഞ സെപ്റ്റംബറിൽ പെരുമ്പാവൂർ പഴയ വെജിറ്റബിൾ മാർക്കറ്റിന് സമീപം 8.805 കിലോഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു.
ഒഡീഷയിൽ നിന്നുള്ള ബസിൽ 2 ബാഗുകളിലായി 9 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്. പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ ഇയാൾ പ്രതിയായതിനെ തുടർന്നാണ് നടപടി.
കാലടി പോലീസ് ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളിയിൽ, എസ് ഐ ജോസി എം ജോൺസൻ, സീനിയർ സിപിഒമാരായ പി. എ ഷംസു, സുധീഷ് കുമാർ, ജീമോൻ കെ പിള്ള എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: