- പ്രവേശനം ഐഐഎഫ്ടി ഡല്‍ഹി, കൊല്‍ക്കത്ത കാമ്പസുകളില്‍
- 2025-27 വര്‍ഷത്തെ വിജ്ഞാപനം, പ്രോസ്പെക്ടസ് www.iift.ac.in ല്‍
- അപേക്ഷാ ഫീസ് 3000 രൂപ, എസ്സി/എസ്ടി/ പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര് വിഭാഗങ്ങള്‍ക്ക് 1500 രൂപ
- നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അന്തര്‍ദേശീയ വ്യവസായ-വാണിജ്യമേഖലകളിലുള്ള കോര്‍പ്പറേറ്റ്/മള്‍ട്ടിനാഷണല്‍ കമ്പനികളിലും മറ്റും മാനേജ്മെന്റ് ട്രെയിനി, ബിസിനസ് എക്സിക്യൂട്ടീവ്, മാനേജര്‍ മുതലായ തസ്തികകളില്‍ മികച്ച കരിയറിന് വഴിയൊരുക്കുന്ന 2025-27 വര്‍ഷത്തെ ബിസിനസ് അനലിറ്റിക്സ്, ഇന്റര്‍നാഷണല്‍ ബിസിനസ് റഗുലര്‍ എംബിഎ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന് ട്രേഡ് (ഐഐഎഫ്ടി) അതിന്റെ ദല്‍ഹി, കൊല്‍ക്കത്ത കാമ്പസുകളിലായാണ് പഠനാവസരമൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ ബാച്ചില്‍ പഠിച്ചിറങ്ങിയവര്‍ക്ക് കാമ്പസ് പ്ലേസ്മെന്റിലൂടെ 25-85 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളത്തില്‍ ജോലി നേടാനായിട്ടുണ്ട്. ബിസിനസ് അനലിറ്റിക്സ് എംബിഎകാര്‍ക്ക് ഇ-കോമേഴ്സ്, ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളിലും ലോജിസ്റ്റിക്സ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലും മറ്റും ബിസിനസ്/ഡാറ്റാ അനലിസ്റ്റ്, ബിസിനസ് എക്സിക്യൂട്ടീവ് അടക്കമുള്ള തസ്തികകളിലാണ് അവസരം.
എംബിഎ-ഇന്റര്‍നാഷണല്‍ ബിസിനസ്: രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാം ഐഐഎഫ്ടിയുടെ ന്യൂദല്‍ഹി, കൊല്‍ക്കത്ത കാമ്പസുകളിലാണുള്ളത്. ദല്‍ഹിയില്‍ 240, കൊല്‍ക്കത്തയില്‍ 240 എന്നിങ്ങനെ ആകെ 480 സീറ്റുകള്‍. ട്യൂഷന് ഫീസ്, ബോര്‍ഡിങ്, ലോഡ്ജിങ് അടക്കം 22 ലക്ഷം രൂപയോളം മൊത്തം കോഴ്സ് ഫീസായി നല്‍കേണ്ടിവരും. കൃത്യമായ ഫീസ് അഡ്മിഷന് ഓഫര്ലറ്ററിലുണ്ടാവും. പട്ടികജാതി/വര്‍ഗ്ഗ/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ട്യൂഷന് ഫീസില്‍ 50% ഇളവ് ലഭിക്കും.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50%മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45%മാര്‍ക്ക് മതി. അവസാന വര്‍ഷം ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2025 ഒക്ടോബര്‍ 31 നകം യോഗ്യത തെളിയിച്ചാല്‍ മതി. പ്രായപരിധിയില്ല. ഐഐഎം-ക്യാറ്റ് 2024 സ്കോര്‍ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്.
എംബിഎ-ബിസിനസ് അനലിറ്റിക്സ്: രണ്ടു വര്‍ഷത്തെ ഫുള്‍ടൈം നോണ്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാം. ദല്‍ഹി കാമ്പസിലാണ് കോഴ്സുള്ളത്. സീറ്റുകള്‍-60. ട്യൂഷന് ഫീസ് അടക്കം മൊത്തം കോഴ്സ് ഫീസ് 18 ലക്ഷം രൂപയോളമാവും. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് ട്യൂഷന് ഫീസില്‍ 50% ഇളവുണ്ട്.
യോഗ്യത- 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വകലാശാല ബിരുദം. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബിരുദ തലത്തില്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിടെക്/ബിഇ മൊത്തം 50% മാര്‍ക്കില്‍/ 5.0 സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം (പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം). പ്രായപരിധിയില്ല.
ഐഐഎം ക്യാറ്റ്-2024 സ്കോര്‍ ഉപയോഗിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തിയാണ് സെലക്ഷന്.
അപേക്ഷ: രണ്ട് പ്രോഗ്രാമുകളുടെയും 2025-27 വര്‍ഷത്തെ പ്രോസ്പെക്ടസ് www.iift.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 22 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: എംബിഎ (ഐബി)യ്ക്ക് ജനറല്‍/ഒബിസി നോണ്‍ക്രീമിലെയര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 1500 രൂപ.
എംബിഎ ബിസിനസ് അനലിറ്റിക്സിന് യഥാക്രമം 2000 രൂപ, 1000 രൂപ എന്നിങ്ങനെ മതി.
വിദേശ/എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് എംബിഎ (ഐബി)യ്ക്ക് അപേക്ഷാ ഫീസ് 200 യുഎസ് ഡോളറാണ് (16000 രൂപ). ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ജനുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സൗകര്യം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: