ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തി പരിചയ മേളയില്‍ ദിവ്യ എ ഗ്രേഡ് നേടിയത് തന്റെ ദുര്‍വിധിയെ മറികടന്ന്. മറ്റു മത്സരാര്‍ത്ഥികള്‍ നിലത്തിരുന്ന് മുള ഉത്പ്പന്നങ്ങള്‍ തയാറാക്കുമ്പോള്‍ കസേരയില്‍ ഇരുന്നാണ് ദിവ്യ സൃഷ്ടികള്‍ക്ക് രൂപം നല്കി എ ഗ്രേഡ് സ്വന്തമാക്കിയത്. പാലക്കാട് അഗളി ഗവ. എച്ച്എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ദിവ്യ.
അപകത്തിനിരയായി വലതു കാല് മുട്ടിനു താഴെ മുറിച്ചുമാറ്റിയ ദിവ്യ പുഞ്ചിരിയോടെയാണ് മത്സരത്തില്‍ പങ്കാളിയായത്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ചാണ് ദിവ്യക്ക് കാല് നഷ്ടമായത്. പിന്നീടങ്ങോട്ടുള്ള നാലു വര്‍ഷം ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് സഞ്ചാരിച്ചത്. ബിആര്‍സി അദ്ധ്യാപകര്‍ വീട്ടിലെത്തിയാണ് ക്ലാസെടുത്തത്. നാട്ടുകാര്‍ പിരിച്ചു നല്കിയ തുക ഉപയോഗിച്ചാണ് ദിവ്യയുടെ ചികിത്സാ കാര്യങ്ങള്‍ നോക്കിയതെന്ന് അച്ഛന് ചന്ദ്രന് പറഞ്ഞു. ക്രിത്രിമ കാല് വെച്ചതോടെ പിന്നീട് പഠനം സ്കൂളിലാക്കി. അച്ഛനാണ് സ്കൂളിലെത്തിച്ച് വീട്ടില്‍ തിരിച്ചു കൊണ്ടുവരുന്നത്.
പ്ലസ്വണ് ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ദിവ്യക്ക് ടീച്ചര്‍ ആകാനാണ് ആഗ്രഹം. അഞ്ചാം ക്ലാസ് മുതല്‍ മുള ഉല്പന്ന നിര്‍മാണം പരിശീലിക്കുന്നുണ്ട്. ബാംബൂ തൊഴിലാളികളായ അപ്പൂപ്പനും അമ്മൂമ്മയുമാണ് പരിശീലകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: