മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ച് കെട്ടിടം നൂറിന്റെ നിറവില്‍. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബ്രാഞ്ച് കെട്ടിടം സന്ദര്‍ശിച്ചു. കേന്ദ്ര ധനവകുപ്പ് സെക്രട്ടറി എം. നാഗരാജു, എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടി എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ബാങ്കിലെ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും കേന്ദ്രമന്ത്രി സംവദിച്ചു. 1921ല്‍ മൂന്ന് പ്രസിഡന്‍സി ബാങ്കുകള്‍ ചേര്‍ന്ന് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ ആയതിന് ശേഷം ബാങ്കിനുണ്ടായ വളര്‍ച്ചയെപ്പറ്റി നിര്‍മല സീതാരാമന്‍ പരാമര്‍ശിച്ചു. 1955ലാണ് എസ്ബിഐയുടെ രൂപീകരണത്തിന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്. 1921ല്‍ 250 ബ്രാഞ്ചുകളുമായി ആരംഭിച്ച യാത്ര ഇപ്പോള്‍ 22,500 ബ്രാഞ്ചുകളിലെത്തി നില്‍ക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി എസ്ബിഐ പുതിയ 500 ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കും. ഇതോടെ എസ്ബിഐയുടെ മൊത്തം ബ്രാഞ്ചുകള്‍ 23000 ആകും, കേന്ദ്രമന്ത്രി പറഞ്ഞു.
6580 എടിഎമ്മുകളാണ് നിലവില്‍ എസ്ബിഐക്കുള്ളത്. 50 കോടിയിലധികം ഉപഭോക്താക്കളെ സേവിക്കുന്നു. രാജ്യത്തെ മൊത്തം നിക്ഷേപങ്ങളില്‍ 22.4 ശതമാനവും എസ്ബിഐയിലാണ്. ഒരു ദിവസം 20 കോടിയിലധികം യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു. ഡിജിറ്റല്‍ നിക്ഷേപവും ശക്തിപ്രാപിക്കുന്നു. എട്ട് കോടിയിലധികം പേരാണ് എസ്ബിഐയുടെ ഡിജിറ്റല്‍ ആപ്പ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം 13.2 കോടിയിലധികവും, നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളിലെ ജനങ്ങളിലേക്കെത്തുന്നതിലും അവരെ സേവിക്കുന്നതിലും ബാങ്ക് പ്രധാന പങ്കാണ് വഹിച്ചത്. ജന്‍ ധന്‍ യോജന, പിഎം സുരക്ഷ യോജന, ജീവന്‍ ഭീമ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങി കേന്ദ്രത്തിന്റെ ഏത് പദ്ധതികളായാലും അവ നടപ്പാക്കുന്നതിലും എസ്ബിഐ നിര്‍ണായകമായി.
1921ല്‍ നിന്ന് വളരെ ദൂരെയാണ് ഇപ്പോള്‍. 1924ലാണ് മുംബൈ മെയിന്‍ ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒരു പൈതൃക കെട്ടിടമാണിത്. ഇന്നിവിടെ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ നാലിലൊന്നും കൈകാര്യം ചെയ്യുന്നു, കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെട്ടിടത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായി 100 രൂപയുടെ നാണയവും, 1981 മുതല്‍ 1996 വരെയുള്ള ബാങ്കിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ ധനമന്ത്രി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: