ബെയ്റൂട്ട്: ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അന്തിമയുദ്ധത്തിലേയ്ക്ക് നീങ്ങുന്നൂ. ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ ആറാഴ്ചമുന്‍പ് ആരംഭിച്ച യുദ്ധമാണ് ഏറ്റവും അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് മൈല്‍ മാത്രം അകലെയുള്ള തെക്കന്‍ ലെബനനിലെ ചാമ ഗ്രാമത്തിലെ തന്ത്രപ്രധാനമായ കുന്ന് ഐഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 72 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇതിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഫഌഷ് ബോംബ് ആക്രമണം നടന്നു. സിസറിയ പ്രദേശത്തെ സ്വകാര്യവസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു തവണയാണ് വീട് ആക്രമിക്കപ്പെട്ടതെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടലില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആക്രമണ സമയം നെതന്യാഹുവോ കുടുംബമോ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്കി.
ആക്രമണത്തെ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒക്ടോബറിലും നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ വിക്ഷേപിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: